കാസര്‍കോട്: തന്റെ വിജയം മണ്ഡലത്തിലെ വികസനത്തിനും വിശ്വാസത്തിനും ജനങ്ങള്‍ നല്കിയ അംഗീകാരമാണെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സാധാരണക്കാര്‍ തനിക്കൊപ്പം നിന്നു. മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജനങ്ങള്‍ക്കറിയാം. അവര്‍ അതിന് നന്ദിയായി വോട്ട് ചെയ്യുകയായിരുന്നു. ഭൂരിപക്ഷം കുറയുമെന്ന് പോലും എതിരാളികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ എതിരാളികളെ പോലും അമ്പരിപ്പിച്ചാണ് ദുരിപക്ഷം വര്‍ധിച്ചത്. ജാതിയും മതവും നോക്കിയല്ല കാസര്‍കോട്ടുകാര്‍ വോട്ട് ചെയ്തത്. വികസനത്തില്‍ പോലും എതിര് സ്ഥാനാര്‍ത്ഥി വര്‍ഗീയം കണ്ടു. എന്നെ ഏറേ വേദനിപ്പിച്ച സംഭവമാണത്. ബി.ജെ.പിയുടെ വോട്ടുകള്‍ കുറഞ്ഞത് ആ വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ബി.ജെ.പിയുടെ വോട്ട് ചോദിച്ചിട്ടില്ലെന്നും വ്യക്തിപരമായി പലരും വോട്ട് ചെയ്തിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയും വോട്ടിനായി ചിലര്‍ പ്രചരിപ്പിച്ചു. എല്ലാം അറിയുന്ന കാസര്‍കോട്ടുകാര്‍ അതെല്ലാം തിരസ്ക്കരിക്കുകയായിരുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ആധുനിക രീതിയില്‍ ഹെഡ്ക്വാട്ടേഴ്സ് പണിയും. നഗരത്തിലെ ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കാന്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ ഫ്ളൈഓവര്‍ ഉണ്ടാക്കും. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലേയും ശുദ്ധജല ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. ചൗക്കി വഴി ഉളിയത്തടുക്ക, വിദ്യാനഗറിലേക്ക് ബൈപ്പാസ് പണിയുന്ന കാര്യം നേരത്തേ ആലോചിച്ചതാണെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി മുന്‍തൂക്കം നല്‍കുന്നതെന്നും എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.