കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ (കെ.പി.എ.) നേതൃത്വത്തില്‍ അച്ചടി മേഖലയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കെ.പി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31ന് രാവിലെ പത്ത് മണിമുതല്‍ പുലിക്കുന്ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിന് സമീപം പ്രതിഷേധ ധര്‍ണ നടത്തും. ധര്‍ണയുടെ ഭാഗമായി പുലിക്കുന്ന് മുതല്‍ പഴയ ബസ് സ്റ്റാന്റ് പരിസരം വഴി ഹെഡ്പോസ്റ്റ് ഓഫീസ് വരെ പ്രകടനം നടത്തുമെന്നും അന്നേ ദിവസം ഉച്ചവരെ ജില്ലയിലെ പ്രസുകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അച്ചടി വ്യവസായം വര്‍ഷങ്ങളായി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയില്‍ 2005-ല്‍ വാറ്റ് നടപ്പാക്കിയപ്പോള്‍ 5 ശതമാനം നികുതി ഏര്‍പ്പെടുത്തി. 2017-ല്‍ ജി.എസ്.ടി. വന്നപ്പോള്‍ 5 ശതമാനം, 12 ശതമാനം എന്നതായിരുന്നു ഭൂരിപക്ഷം അച്ചടി ഉല്‍പ്പന്നങ്ങളുടേയും നികുതി നിരക്ക്. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ ജി.എസ്.ടി. നിരക്ക് 18 ശതമാനം ആക്കി കുത്തനെ വര്‍ദ്ധിപ്പിച്ചത് അച്ചടി വ്യവസായത്തിനും ഉപഭോക്താക്കള്‍ക്കും കനത്ത ആഘാതം ഏല്‍പ്പിച്ചു. പ്രധാന അസംസ്‌കൃത വസ്തുവായ പേപ്പറിന്റെ നികുതി നിരക്ക് 12 ശതമാനം ആണെന്നിരിക്കേ അച്ചടിക്ക് 18 ശതമാനം ജി.എസ്.ടിയാണ് നിലവില്‍ ഈടാക്കുന്നത്. 12 ശതമാനം ജി.എസ്.ടി. നിരക്ക് അച്ചടി ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമാക്കണമെന്നാണ് ഒരു പ്രധാന ആവശ്യം. ഇന്ധന വില, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്, മറ്റു പൊതു ജീവിത ചെലവുകളുടെ വര്‍ധനവ് ഇവയൊക്കെ അച്ചടി മേഖലയെ കാര്യമായി ബാധിച്ചുവെന്നും അസോസിയേഷന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ധര്‍ണയില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ് വിഷയാവതരണം നടത്തും. ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റജി മാത്യു സ്വാഗതം പറയും. സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, നഗരസഭാംഗം വരപ്രസാദ്, കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, കെ.വി.വി.എസ് ജില്ലാ പ്രസിഡണ്ട് ശോഭാ ബാലന്‍ മാണിയാട്ട്, സിബി കൊടിയാംകുന്നേല്‍, രാജാറാം പെര്‍ള തുടങ്ങിയവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍, ജില്ലാ പ്രസിഡണ്ട് അശോക് കുമാര്‍ ടി.പി, സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ്, ജില്ലാ സെക്രട്ടറി റെജി മാത്യു, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജയറാം നീലേശ്വരം, സെക്രട്ടറി ജിത്തു പനയാല്‍, കാസര്‍കോട് മേഖലാ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, ജില്ലാ ട്രഷറര്‍ മൊയ്നുദ്ദീന്‍ സംബന്ധിച്ചു.