ന്യൂഡെല്‍ഹി: കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന് ട്വിറ്ററിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക അക്കൗണ്ട് ഒരു മണിക്കൂര്‍ പൂട്ടിവെച്ച ശേഷം അണ്‍ലോക്ക് ചെയ്തു. യു.എസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ഒരു മണിക്കൂറോളം അക്കൗണ്ട് മരവിപ്പിച്ചത്. തുടര്‍ന്ന് നുന്നറിയിപ്പിന് ശേഷം തുറക്കുകയായിരുന്നു.
ട്വിറ്ററില്‍ മന്ത്രിയുടെ അക്കൗണ്ട് കാണാന്‍ കഴിയുമായിരുന്നെങ്കിലും അക്കൗണ്ട് ഉപയോഗിക്കാനോ, ട്വീറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ട് ലോക്ക് ആണെന്ന സന്ദേശമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം മുന്നറിയിപ്പോടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ അവതരിപ്പിച്ച കൂ ആപ്പില്‍ കേന്ദ്രമന്ത്രി ട്വിറ്ററിലെ അനുഭവത്തെക്കുറിച്ച് എഴുതുകയും ചെയ്തു. അതേസമയം ഏത് ട്വീറ്റാണ് യു.എസ് നിയമം ലംഘിക്കുന്ന തരത്തിലുള്ളതെന്ന് വ്യക്തമാക്കയിട്ടില്ല. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് വീണ്ടും ട്വിറ്ററിന്റെ നടപടി. മുസ്ലിം വയോധികന് ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെന്ന് കാട്ടി ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ യു.പി പോലീസ് കേസെടുത്തിട്ടുണ്ട്.