ചെന്നൈ: കോവിഡ് ആരോഗ്യ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക. വിവിധ മേഖലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ കോര്പറേഷന് നഗരത്തില്‍ കോവിഡ് റാന്‍ഡം പരിശോധന നടത്തും.
ജനുവരി പത്ത് വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേയുണ്ടാവൂ. വ്യാപാരസ്ഥാപനങ്ങളില്‍ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സംസ്കാരച്ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. എല്ലാ രാഷ്ട്രീയ, സമുദായ, മത, സാംസ്കാരിക പരിപാടികള്‍ക്കും നിയന്ത്രണമുണ്ടാവും. ഹോട്ടലുകളും ജിമ്മുകളും 50 ശതമാനം പരിധി പാലിക്കണം.
സംസ്ഥാനത്ത് ഇതുവരെ 120 ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ കേസുകളില്‍ 63 എണ്ണം ചെങ്കല്‍പേട്ടിലാണ്. കന്യാകുമാരിയിലും കോയമ്പത്തൂരിലും പുതുക്കോട്ടയിലും തഞ്ചാവൂരിലും തിരുവള്ളുവരിലും ട്രിച്ചിയിലും റാണിപേട്ടിലും ഓരോന്നുവീതം സ്ഥിരീകരിച്ചിട്ടുണ്ട്.