കാസര്‍കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാനഗര്‍ ചിന്മ വിദ്യാലയത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിദ്യാലയ കുട്ടികളുടെ ഏതാനും ചില രക്ഷിതാക്കളുടെ കൂട്ടായ്മ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് കാലത്ത് അമിത ഫീസ് ഈടാക്കുകയാണെന്നും രക്ഷിതാക്കള്‍ ആവശ്യപെട്ടിട്ടും ഇളവ് അനുവദിക്കാതെ 300ല്‍ പരം കുട്ടികളെ പുറത്താക്കിയെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത കാരണങ്ങള്‍ പ്രചരിപ്പിച്ച് കൃത്യമായി ഫീസ് അടച്ച് വരുന്ന ഭൂരിഭാഗം രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ട്യൂഷന് ഫീസിന്മേല് വരുത്തിയ ആറ് ശതമാനം വര്‍ധന പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ഒന്നാം ടേം വര്‍ധിപ്പിച്ച ഫീസ് വാങ്ങിയിട്ടുണ്ടങ്കില്‍ രണ്ടാം ടേംഫീസില് അത് കുറച്ച് നല്‍കുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വാങ്ങിയ ഫീസ് നിരക്കില്‍ നിന്നും ഇത്തവണ ഒന്നാം ക്ലാസ് മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് മൊത്തം അടക്കേണ്ട ഫീസില്‍ നിന്നും 9.78 മുതല്‍ 10.35 ശതമാനം വരെ ഇളവ് വരുത്തിയിട്ടുണ്ട്. സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന രക്ഷിതാക്കളുടെ പ്രത്യേക അപേക്ഷകളില്‍ അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ അടക്കേണ്ട ഫീസിന്റെ 50 ശതമാനവും ചിലരുടെ കാര്യത്തില്‍ പൂര്‍ണമായും ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ജില്ലാ കലക്ടറും ജനപ്രതിനിധികളും പ്രശ്നത്തില്‍ ഇടപ്പെട്ടതിനാല്‍ നേരത്തെ അനുവദിച്ച 10 ശതമാനത്തിന് പുറമെ 5 ശതമാനം കൂടി ഫീസ് ഇളവ് നല്കാന് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ ആദ്യ ഗഡു ഫീസ് മുഴുവനായി അടക്കണമെന്ന് പറഞ്ഞിട്ടും വീഴ്ച്ച വരുത്തിയ 200ല്‍ താഴെ വരുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി. 300ല്‍ പരം കുട്ടികളെ ടി.സി. നല്കി പുറത്താക്കിയിട്ടില്ല. മെച്ചപ്പെട്ട സേവന വ്യവസ്തകളും ഉന്നത പഠന നിലവാരവും ഭൗതികപഠന സൗകര്യങ്ങളും നല്കുന്ന സ്ഥാപനത്തിന് അതനുസരിച്ചുള്ള ന്യായമായ ഫീസ് വാങ്ങാതെ നടത്തികൊണ്ടു പോകാന്‍ സാധ്യമല്ല. 1700ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആദ്യ ഗഡു ഫീസ് അടക്കാത്തവര്‍ കേവലം 200 പേര് മാത്രം. രണ്ടാം ഗഡു പകുതിയില്‍ അധികം കുട്ടികളും അടച്ചു കഴിഞ്ഞു. ശേഷിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കഴിവില്ലാത്തതിനല്ല മറിച്ച് ചില തല്പര കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അടക്കാതിരിക്കുകയാണ്. കുട്ടികളുടെ ഭാവി ഓര്‍ത്ത് പെട്ടന്ന് ഫീസ് അടച്ച് വിദ്യാലയവുമായി സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് സ്വാമി വിവിക്താനന്ദ സരസ്വതി, എ.കെ.നായര്‍, കെ. ബാലചന്ദ്രന്, അഡ്വ. പി.കെ. വിജയന്, പ്രിന്‍സിപ്പാള്‍ രാധാ നായര്‍, ബി. പുഷ്പരാജ് സംബന്ധിച്ചു.