മുംബൈ: ഛത്തീസ്ഗഡിലെ റായ്പൂരില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായ രൂപാല്‍ ഒഗ്രേയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രം അത്വാളിനെ(40) കോടതിയില്‍ ഹാജരാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷന് ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അന്ധേരി ഈസ്റ്റിലെ മാറോളിലുള്ള രൂപാലിന്റെ ആഡംബര ഭവനത്തില്‍ സെപ്തംബര്‍ മൂന്നിനാണ് കൊല നടന്നത്. 24കാരിയായ രൂപാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകംതന്നെ അത്വാളിനെ പൊവായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായ അത്വാളിനെ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. തുടര്‍ന്ന് അത്വാളിനെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. വെള്ളിയാഴ്ച അതിരാവിലെ ലോക്കപ്പ് ടോയ്ലറ്റില് പോയ അത്വാള് പിന്നീട് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് അത്വാളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.