ചെന്നൈ: അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമടക്കം കുടുംബത്തില്‍ ആറ് പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ രോഗത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്. അശ്വിന്. കോവിഡ് നമ്മുടെ വീട്ടിലുമെത്തിയാല്‍ എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ കുറിപ്പ്.
ഞാന്‍ ഐപിഎല്ലില്‍ കളിക്കുകയായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ എന്നെ ഒന്നും അറിയിച്ചില്ല. എന്നാല്‍ എന്റെ മക്കള്‍ക്ക് കടുത്ത പനിയും ഡയേറിയയും വന്നു. 3-4 ദിവസം ഇത് നീണ്ടുനിന്നു. മരുന്ന് നല്‍കിയിട്ടും പനി കുറയാതെ വന്നപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഭാര്യ പേടിച്ചു, അശ്വിന് പറയുന്നു.
എന്റെ മക്കള്‍, അച്ഛന്, അമ്മ, ഭാര്യയുടെ മാതാപിതാക്കള്‍, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ആദ്യ അഞ്ച് ദിവസം എന്റെ അച്ഛന് പ്രശ്നങ്ങളുണ്ടായില്ല. എന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ ഓക്സിജന്‍ ലെവല്‍ കുറയാന്‍ തുടങ്ങി. 85ലും താഴേക്കെത്തി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ഒരുപാട് ദിവസം കഴിഞ്ഞാണ് ഓക്സിജന്‍ ലെവല്‍ നേരെയായത്.
എന്റെ അച്ഛന് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. അതിനാലാണ് അദ്ദേഹത്തെ ഞങ്ങള്‍ക്ക് തിരികെ കിട്ടിയത്. എല്ലാവരും വാക്സിന് സ്വീകരിക്കണം. നിങ്ങള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടാവണം എന്നില്ല. എന്നാല്‍ നിങ്ങളില്‍ നിന്ന് കോവിഡ് ബാധിതനാവുന്നത് ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ വ്യക്തിയായിരിക്കാം. കോവിഡ് തരംഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി വാക്സിന് സ്വീകരിക്കുക എന്നതാണ്, അശ്വിന് പറഞ്ഞു.
കുടുംബാംഗങ്ങള്‍ കോവിഡ് ബാധിതരായതിനെ തുടര്‍ന്ന് നേരത്തെ തന്നെ അശ്വിന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.