ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട നവജോത് സിംഗ് സിദ്ദു ആംആദ്മിയില്‍ ചേരുമെന്ന റിപോര്‍ട്ടുകളോട് പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. എല്ലാ ചോദ്യങ്ങള്‍ക്കും നാളെ ഉത്തരം നല്‍കുമെന്നാണ് കെജരിവാളിന്റെ പ്രതികരണം. പഞ്ചാബിന്റെ ഖ്യാതി ഉയര്‍ത്തുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും ആം ആദ്മി പാര്‍ട്ടിക്കായി വരികയെന്നും കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദുവിന്റെ എഎപി പ്രവേശന സൂചനയാണിതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച സിദ്ദുവിനെ എഎപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നതി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് സിദ്ദു ബുധനാഴ്ച രാവിലെയും ആവര്‍ത്തിച്ചത്. പഞ്ചാബിനായി എന്തും ത്യജിക്കാന്‍ തയാറാണെന്നും സത്യത്തിനായി പൊരുതുമെന്നും വീഡിയോ സന്ദേശത്തില്‍ സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ രാജി പഞ്ചാബ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.