ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ അനുഗമിച്ച് കുതിരപ്പുറത്തേറിയ നിഹാംഗുകള്‍. നീല വസ്ത്രം, വാള്, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ് എന്നിങ്ങനെ സര്‍വ സന്നാഹങ്ങളോടെയാണ് നിഹാംഗുകളുടെ വരവ്. സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കലാണ് നിഹാംഗുകളുടെ ലക്ഷ്യം. കുതിരകള്‍ക്കൊപ്പം പരുന്തുകളും ഉണ്ട്. സമരം ആരംഭിച്ചത് മുതല്‍ തന്നെ കര്‍ഷകര്‍ക്ക് വിവിധ സഹായങ്ങളുമായി സംഘം പ്രക്ഷോഭരംഗത്തുണ്ട്.
വാളും പരിചയും ശരീരത്തിന്റെ ഭാഗമായി കരുതുന്ന ഇവര്‍ ചെരിപ്പ് ധരിക്കാറില്ല. 1699ല്‍ ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്റെ ചരിത്രത്തില്‍ നിരവധി അധിനിവേശ ശക്തികളോട് യുദ്ധം ചെയ്ത് ജയിച്ചവരാണ് നിഹാംഗ് സേന. സംസ്കൃതത്തില്‍ ഭയമില്ലാത്തവന്, പോരാളി എന്നൊക്കെ അര്‍ത്ഥം വരുന്നതാണ് നിഹാംഗ് എന്ന വാക്ക്. എന്നാല്‍ ദേശസ്നേഹത്തിന്റെ പ്രതീകമാണ് നീല നിറം.
യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ സ്വന്തം ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് നിഹാംഗുകളുടെ വിശ്വാസം. ആയുധമില്ലാത്തവനെ ആക്രമിക്കരുതെന്നും എന്നാല്‍, ഉടവാള് പുറത്തെടുത്താല്‍ രക്തം പുരളാതെ തിരികെ വാളുറയില്‍ തിരികെ വെക്കില്ലെന്നുമാണ് ഇവരുടെ നിയമം.