ന്യൂഡെല്‍ഹി: രാജ്യത്ത് കോവിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനടപടികളുമായി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ന്യൂസിലാന്‍ഡ് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. താല്‍ക്കാലിക വിലക്കാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതുവരെ 1,29,28,574 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,18,51,393 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. രോഗപ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 9,01,98,673 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്ശ്ശമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസ മേഖലയില്‍ നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനും ബെംഗളൂരുവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും വ്യാഴാഴ്ച മുതല്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പരിശോധന വര്‍ധിപ്പിക്കാനും പൊതുസ്ഥലത്ത് നിയന്ത്രണങ്ങള്‍ കൂട്ടാനുമാണ് തീരുമാനം. പൊതുജനങ്ങള്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.