ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസന്വേഷണത്തിന്റെ വിവരങ്ങളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സീല്‍വെച്ച കവറിലാണ് അന്വേഷണത്തിന്റെ വിവരങ്ങള്‍ സി.ബി.ഐ സംഘം കൈമാറിയത്. കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും മറ്റ് രേഖകളും കൈമാറുന്നില്ലെന്ന് സി.ബി.ഐ നേരത്തെയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറി ആവശ്യപ്പെട്ട് ഏഴ് തവണയാണ് സി.ബി.ഐ ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഏഴ് തവണയും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഡയറി ലഭിക്കാന്‍ നിയമപരമായ നടപടികളിലേക്ക് സി.ബി.ഐ നീങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹകരണം ഉണ്ടാകുന്നില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതായും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു.