കോട്ടയം: ഹണി ട്രാപ്പില്‍പ്പെടുത്തി കോട്ടയം സ്വദേശിയായ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍, ഉദിനൂര്‍ സ്വദേശികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മയ്യില്‍ നൗഷാദ്(41), രണ്ടാം ഭാര്യ തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ ഫസീല (34), കാസര്‍കോട് ഉദിനൂര്‍ സ്വദേശി അന്‍സാര്‍( 23), ഭാര്യ സുമ(30) എന്നിവരാണ് പിടിയിലായത്. നൗഷാദ് കുഴല്‍ പണം കടത്തുന്ന വാഹനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘത്തലവനാണെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കര്‍ണ്ണാടകയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോവിഡ് കാലത്ത് ഹവാലാ പണത്തിന്റെ കടത്തിന് തടസം നേരിട്ടതോടെ നൗഷാദാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതിനായി ഭാര്യയേയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോയെടുത്തു. ഇത് പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്.
കോട്ടയം നഗരത്തിലെ പ്രമുഖരായ പലരെയും ഈ രീതിയില്‍ കുടുക്കി പണം തട്ടാന്‍ സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നഗരത്തിലെ മറ്റൊരു സ്വര്‍ണ വ്യാപാരിയെയും ജില്ലയിലെ പ്രമുഖ രാഷ്ട്രീയനേതാവിനെയും കെണിയില്‍ പെടുത്താന്‍ ഇവര്‍ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടു ലക്ഷം രൂപ നഷ്ടമായ ചിങ്ങവനം സ്വദേശി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഈ കേസില്‍ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന സുനാമി എന്നറിയപ്പെടുന്ന പ്രവീണ്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശിയായ ഒരു ഗുണ്ടാതലവനും കാസര്‍കോട് സ്വദേശിയുമാണ് ഇനി അറസ്റ്റിലാകാനുള്ളത്.