കൊച്ചി: കളമശ്ശേരി കണ്വെന്ഷന് സെന്ററില്‍ ഇന്നലെ രാവിലെ യഹോവ സാക്ഷികളുടെ യോഗത്തിനിടെ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനതിതല് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ലിബിന ഇന്നലെ അര്‍ധരാത്രി 12.40ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. സ്ഫോടനത്തില്‍ മരിച്ച എറണാകുളം കുറുപ്പുംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണെന്ന് തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു സ്ത്രീ തൊടുപുഴ സ്വദേശിനിയായ കുമാരി(53)യാണെന്ന് ഇന്നലെ തന്നെ തിരിച്ചറിഞ്ഞു. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ.
ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രി വൈകിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തും. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.
കളമശ്ശേരി നെസ്റ്റിനു സമീപത്തുള്ള കണ്വെന്ഷന് സെന്ററിലാണ് ഇന്നലെ രാവിലെ 9.40ഓടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്ട്ടിന് പൊലീസില്‍ കീഴടങ്ങിയിരുന്നു.
സ്ഫോടനം നടന്ന കണ്വെന്ഷന് സെന്ററില്‍ എന്‍.ഐ.എ, എന്‍.എസ്.ജി അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. രാത്രിയോടെയാണ് ഡല്‍ഹിയില്‍ നിന്നും അന്വേഷണ സംഘാംഗങ്ങള്‍ കൊച്ചിയിലെത്തി പരിശോധന തുടങ്ങിയത്.
പൊട്ടിത്തെറിച്ചത് ഐ.ഇ.ഡി ബോംബാണെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റ് 41 പേര് ആസ്പത്രികളില്‍ ചികിത്സയിലാണ്. അതേസമയം, സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. നിലവില്‍ സംസ്ഥാന പൊലീസാണ് കേസില്‍ വിശദമായ അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്ഫോടനം നടത്തുന്നത് കണ്ടുപഠിച്ചത് യൂട്യൂബ് വഴിയാണെന്ന് ഡൊമിനിക് മൊഴി നല്കി.