ബെംഗളൂരു: കര്‍ണാടകയിലും കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. രണ്ട് സംസ്ഥാനങ്ങളിലുമായി 56 ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ബെംഗളൂരുവിലും കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളിലും നടത്തിയ റെയ്ഡില്‍ 402 കോടിയുടെ അനധികൃത സമ്പാദ്യമാണ് കണ്ടെത്തിയത്. വിവിധ ട്രസ്റ്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് തട്ടിപ്പ്.
81 കിലോ സ്വര്‍ണവും 50 കാരറ്റ് വജ്രവും വെള്ളിയും ഉള്‍പ്പടെയാണ് 402 കോടിയുടെ സമ്പാദ്യം കണ്ടെത്തിയത്. 35 ആഡംബര കാറുകളും ഘാനയില്‍ 2.35 കോടി നിക്ഷേപിച്ചതിന്റെയും രേഖകള്‍ കണ്ടെത്തി. കേരളവും കര്‍ണാടകവും കേന്ദ്രീകരിച്ച് വലിയതോതില്‍ മെഡിക്കല്‍ സീറ്റിന്റെ കാര്യത്തില്‍ തട്ടിപ്പ് നടക്കുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
സീറ്റ് തരപ്പെടുത്താന്‍ വന്‍ ശൃംഖലയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക എക്സാമിനേഷന് അതോറിറ്റി നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശന നടപടികളാണ് അതിവിദഗ്ധമായി അട്ടിമറിക്കപ്പെടുന്നത്. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന ചില വിദ്യാര്‍ഥികള്‍ പ്രവേശന നടപടികള്‍ക്കിടെ പിന്മാറും. ഇതോടെ ഒഴിവുവരുന്ന സീറ്റുകളിലേയ്ക്ക് വന്‍ തുക തലവരിപ്പണവും ഡൊണേഷനും വാങ്ങി മാനേജ്മെന്റ് അഡ്മിഷന് നടത്തും. എംബിബിഎസ്, ബിഡിഎസ്, പിജി കോഴ്സുകളിലേയ്ക്ക് ഇത്തരത്തില്‍ പ്രവേശനം നടത്തിയതിന്റെ രേഖകളാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.
പ്രവേശനം നേടിയശേഷം പഠിക്കാതെ പരീക്ഷകളും വൈവയും കടന്നുകൂടാന്‍ 2 ലക്ഷം രൂപവരെയുള്ള പാക്കേജുകളുമുണ്ട്. അധ്യാപകര്‍ മുതല്‍ ഉയര്‍ന്ന് റാങ്ക് വാങ്ങുന്നവര്‍ക്ക് വരെ തട്ടിപ്പില്‍ പങ്കുണ്ട്. ട്രസ്റ്റുകളായത് കൊണ്ട് ഇവര്‍ക്ക് നികുതി ഇളവുകളും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണം സ്വര്‍ണമായും വജ്രമായും മാറ്റുകയാണെന്ന് ആദായ വകുപ്പ് കണ്ടെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ലക്ഷങ്ങള്‍ ഡൊണേഷന്‍ എന്ന പേരില്‍ വാങ്ങുന്നത് കൊണ്ട് ഇതിന് കണക്കുകാണിക്കലും ബാധകമല്ല.