ന്യൂഡല്‍ഹി: ഡെല്‍ഹി കലാപത്തിന് പിന്നാലെ അറസ്റ്റിലായ ഇഷ്റത് ജഹാന് ജയിലില്‍ സഹതവുകാരുടെ മര്‍ദനമെന്ന് പരാതി. തീവ്രവാദിയെന്ന് വിളിച്ച് സഹതടവുകാര്‍ മര്‍ദിക്കുന്നതായും പ്രാര്‍ത്ഥന ചെയ്യാന്‍ പോലും അനുവദിക്കുന്നില്ലെന്നും കാട്ടി മുന്‍ വനിതാ കൗണ്‍സിലര്‍ കൂടിയായ ഇഷ്റത് ജഹാന് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സഹതടവുകാര്‍ മര്‍ദ്ദിക്കുകയും വാക്കാല്‍ അധിക്ഷേപിക്കുകയും ചെയ്തുവെന്നും, പ്രഭാത പ്രാര്‍ത്ഥന നടത്തുമ്പോള്‍ തടഞ്ഞുവൈന്നും അഭിഭാഷകന് പ്രദീപ് ടിയോട്ടിയ കോടതിയില്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇഷ്റതിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മണ്ടോളി ജയിലില്‍ കഴിയുകയാണ് അവര്‍. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഉപദ്രവം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
പരാതിക്കാരി തീര്‍ത്തും ഭയപ്പാടിലാണെന്നു തോന്നുന്നതായും അവരുമായി ഉടന്‍ സംസാരിച്ച് സ്ഥിതി മനസ്സിലാക്കണമെന്നും ആശങ്ക പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും മറ്റൊരു ജയിലിലേക്ക് മാറ്റേണ്ട ആവശ്യമുണ്ടോയെന്നും വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി.