ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്ന മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബി.ജെ.പിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഇദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നുമില്ല.
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തന്നെ തഴഞ്ഞ് മനീഷ് ജയ്സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ജയന്ത് സിന്‍ഹ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതേടുര്‍ന്നുള്ള പരാതിയിന്‍മേല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് രണ്ട് ദിവസത്തിനകം ജയന്ത് സിന്‍ഹ മറുപടി നല്‍കണം എന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
ഹസാരിബാഗില്‍ മനീഷ് ജയ്സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ സംഘടനാ സംവിധാനവുമായും തിരഞ്ഞെടുപ്പ് പ്രചാരണവുമായും താങ്കള്‍ സഹകരിച്ചില്ലെന്നും വോട്ട് ചെയ്യണം എന്ന് താങ്കള്‍ക്ക് തോന്നിയതു പോലുമില്ലനന്നും ഈ മോശം പ്രവര്‍ത്തി കാരണം പാര്‍ട്ടിക്ക് നാണക്കേടുണ്ടായി എന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിത്യ സാഹു, ജയന്തിന് നോട്ടീസ് അയച്ചത്.
അതേസമയം, തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന ആവശ്യം ജയന്ത് സിന്‍ഹ മാര്‍ച്ച് 2ന് സാമൂഹ്യമാധ്യമാധ്യമമായ എക്സിലൂടെ ഉന്നയിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എന്നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ ടാഗ് ചെയ്ത് ജയന്ത് സിന്‍ഹയുടെ ട്വീറ്റ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഗോപാല്‍ സാഹുവിനെ 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോല്‍പിച്ചയാളാണ് ജയന്ത് സിന്‍ഹ.