ഗുവാഹട്ടി: അസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച് പിന്നീട് നെഗറ്റീവ് ആയെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും ആരോഗ്യനില വഷളാവുകയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം രണ്ടിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു. 84 വയസായിരുന്നു. ഓഗസ്റ്റ് 25 നു കോവിഡ് പോസിറ്റീവ് ആയ ഗൊഗോയ് ഒക്ടോബര്‍ 25നാണ് നെഗറ്റീവായി ആശുപത്രി വിട്ടത്.
അദ്ദേഹത്തെ ഡെല്‍ഹി എയിംസിലേക്കു മാറ്റാന്‍ ആലോചിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാല്‍ യാത്ര സാധ്യമല്ലെന്ന വിലയിരുത്തലില്‍ ഉപേക്ഷിക്കുകയായിരുന്നു. വൃക്ക അടക്കമുള്ള അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തിനു ഡയാലിസിസ് നടത്തിയിരുന്നു.
മൂന്ന് തവണ തുടര്‍ച്ചയായി അസം മുഖ്യമന്ത്രിയായിരുന്നു ഗൊഗോയ്. 2001 മുതല്‍ 2016 വരെയാണ് അദ്ദേഹം മുഖ്യമന്ത്രി പദം അലങ്കരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. 1934 ഒക്ടോബര്‍ 11ന് അസമിലെ ജോര്‍ഹതിലെ രംഗജന്‍ തേയില എസ്റ്റേറ്റിലായരുന്നു ജനനം. 1968 ല്‍ ജോര്‍ഹത് മുനിസിപ്പല്‍ മെംബറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2001 മുതല്‍ ടിറ്റബര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. മൂന്നു തവണ തുടര്‍ച്ചയായി അസമില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് തരുണ്‍ ഗൊഗോയ്.
ഗൊഗോയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ അനുശോഷിച്ചു. ജനപ്രിയ നേതാവും മുതിര്‍ന്ന രാഷ്ട്രീയക്കാരനും ഭരണകര്‍ത്താവുമായിരുന്നു ഗൊഗോയിയെന്ന് മോദി ട്വീറ്റ് ചെയ്തു.
Former Assam Chief Minister Tarun Gogoi Dies At 86