ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇടത്-കോണ്‍ഗസ് നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി ഭവന് യാത്ര. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവന് എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്കി.
കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആവശ്യകത രാഷ്ട്രപതിയെ അറിയിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ചര്‍ച്ചകള്‍ കൂടാതെ പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളിയാണ് ഏകപക്ഷീയമായി ബില്‍ പാസാക്കിയതെന്ന് ശരദ് പവാര്‍ പ്രതികരിച്ചു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സീതാറാം യെച്ചൂരി മുന്‍കൈയെടുത്താണ് സംഘാംഗങ്ങളെ നിശ്ചയിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുമായാണ് ഇത്തവണ നേര്‍ക്കുനേര്‍ മത്സരമെങ്കിലും സി.പി.എമ്മും കോണ്‍ഗ്രസും വേറൊരു ചേരിയായി ഒന്നിച്ചുനിന്നു മത്സരിക്കുകയാണ്.
അതിനിടെ, പ്രക്ഷോഭം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്കിയ വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ സ്വീകരിച്ചില്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. സമരം രാജ്യവ്യാപകമാക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. ഇതേതുടര്‍ന്ന് സംസ്ഥാന, ജില്ല കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച കര്‍ഷകര്‍ പ്രതിഷേധ പ്രകടനം നടത്തും. ഡെല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.
Farmers’ protest: Opposition delegation meets President, seeks repeal of farm laws