ന്യൂഡല്‍ഹി: സ്റ്റേഡിയങ്ങളെ തടവറകളാക്കാന് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയാണ് കെജ് രിവാളിന്റെ പ്രതികരണം. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരക്കാരോടൊപ്പം അണിചേരാനിരിക്കുന്നതിനിടെയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്.
കര്‍ഷക പ്രക്ഷോഭം ഹരിയാന കടന്ന് ഡെല്‍ഹിയിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ കര്‍ഷകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഡെല്‍ഹിയിലെ സ്റ്റേഡിയങ്ങളില്‍ പാര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും കെജ് രിവാള്‍ അതിന് തയ്യാറായിരുന്നില്ല. ഡെല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാത്തതിലുള്ള പ്രതികാരമാണ് തന്നെ വീട്ടു തടങ്കലിലാക്കാന്‍ കാരണമെന്ന് കെജ് രിവാള്‍ ആരോപിച്ചു.
മുഖ്യമന്ത്രിയായല്ല, ഒരു സാധാരണമനുഷ്യനെന്ന നിലയിലാണ് താന്‍ സമരക്കാരോടൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം എന്നെ മനപ്പൂര്‍വം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. കര്‍ഷക സമരത്തോടുള്ള നിലപാട് കേന്ദ്രത്തെ വിറളി പിടിപ്പിക്കുകയാണ്. കര്‍ഷകസമരം കേന്ദ്രത്തെ വെട്ടിലാക്കിരിക്കുകയാണെന്നും കെജ് രിവാള്‍ പറഞ്ഞു.
Farmers protest: CM Kejriwal visits Singhu border, says Centre had planned to put farmers in ‘stadium jails’