കോഴിക്കോട്: കെ എം ഷാജിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം.എല്‍.എയും പ്രതിപക്ഷ ഉപനേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. ലീഗ് നേതാവ് ആയ കെ എം ഷാജി കോഴിക്കോട്ട് ഭൂമി വാങ്ങിയതില്‍ എം കെ മുനീറിന്റെ ഭാര്യക്കും പങ്കാളിത്തമുണ്ടെന്ന് ആരോപിച്ച് ഇ ഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
കോഴിക്കോട്ടെ ഇ ഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസാണ് കെ എം ഷാജി എം എല്‍ എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്ക് പരാതി നല്‍കിയത്. വേങ്ങേരിയിലെ വീട് നില്ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. രജിസ്ട്രേഷന് ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
KM Shaji’s land case: MK Muneer’s wife questioned by ED