കാസര്‍കോട്: സാമൂഹ്യ പെന്ഷന് വിതരണത്തിനിടെ സഹകരണ ജീവനക്കാരിയില്‍ നിന്ന് രണ്ടര ലക്ഷം കവര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 23ന് മേല്‍പറമ്പ് പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാല്‍ ടൗണില്‍ സായാഹ്നധര്‍ണ നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന നടക്കുന്ന ധര്‍ണ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് കെ.സി.ഇ.എഫ്.നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കെ.സി.ഇ.എഫ്.സംസ്ഥാന ട്രഷറര്‍ പി.കെ. വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ചെമ്മനാട് സഹകരണ ബാങ്ക് ദിന നിക്ഷേപ പിരിവുകാരിയായ എസ്.സൗമ്യയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. 2020 ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചെമ്മനാട് കാലിച്ചാമരത്താണ് കവര്‍ച്ച നടന്നത്. സാമൂഹ്യ പെന്ഷന് വിതരണത്തിനായി സ്കൂട്ടറില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. ഹെല്‍മറ്റും മുഖം മൂടിയും കൈയുറയും ധരിച്ചെത്തിയവര്‍ പിന്നില്‍ നിന്ന് സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തി പണമടങ്ങിയ സഞ്ചി തട്ടിപ്പറിക്കുകയായിരുന്നു. 2,48,000 രൂപയാണ് നഷ്ടപ്പെട്ടത്. പിന്നീട് സഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബൈക്കിന്റെ നമ്പര്‍ സൗമ്യ ഓര്‍ത്തെടുത്ത് പൊലീസിന് നല്‍കിയിരുന്നെങ്കിലും അന്വേഷണത്തില്‍ വ്യജ നമ്പറാണെന്ന് കണ്ടെത്തിയിരുന്നു. കവര്‍ച്ചയില്‍ നഷ്ടപ്പെട്ട തുക ബാങ്ക് ജീവനക്കാരില്‍ നിന്നും മറ്റും കടം വാങ്ങിയാണ് സൗമ്യ പെന്ഷന് വിതരണം പൂര്‍ത്തിയാക്കിയത്.
നാളെ നടക്കുന്ന ധര്‍ണ സമരം സൂചന മാത്രമാണെന്നും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കില്‍ ബഹുജന പങ്കാളിത്തത്തോടെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ സമരങ്ങള്‍ നടത്തുമെന്നും കെ.സി.ഇ.എഫ്. നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി കെ.ശശി, വനിതാ ഫോറം സംസ്ഥാന കണ്‍വീനര്‍ പി.ശോഭ, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.കെ. പ്രകാശ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ഇ. വേണുഗോപാലന്‍, താലൂക്ക് പ്രസിഡണ്ടുമാരായ സി.ഇ. ജയന്, മധുസൂദനന് ഗദ്ദിമൂല, ജില്ലാ കമ്മിറ്റി അംഗം കെ. നാരായണന് നായര്‍, കവര്‍ച്ചയ്ക്കിരയായ എസ്.സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.