ന്യൂഡെല്‍ഹി: പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന് 75,000 രൂപ പിഴ ചുമത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനാണ് നടപടി. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിറ്റഴിക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്ത് നിന്നുള്ളതാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്പന്നങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കണം എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചതിന് ആമസോണിന് നേരത്തെ നോട്ടിസും നല്‍കിയിരുന്നു. പിന്നാലെയാണ് പിഴ ചുമത്തിയത്.
ഓരോ ഡയറക്ടര്‍ക്കും 25,000 രൂപ വീതവും കമ്പനിയുടെ പേരില്‍ 25,000 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സെല്ലര്‍ സര്‍വീസ് സ്ഥാപനവും ഇവരുടെ രണ്ട് ഡയറക്ടര്‍മാരുമാണ് പിഴ അടയ്ക്കേണ്ടത്. ഡെപ്യൂട്ടി ഡയറക്ടര്‍ അശുതോഷ് അഗര്‍വാള്‍ ആണ് പിഴ ചുമത്തിയത്.
അതേസമയം പിഴ മാത്രം നല്കി നടപടി ഒതുക്കരുതെന്നും ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്കണമെന്നും വ്യാപാര സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ് ആവശ്യപ്പെട്ടു. പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറഞ്ഞു.
Amazon fined for not displaying mandatory info about products