തൃശൂര്‍: കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച പുതുക്കാട് ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണത്തിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉത്തരവിട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് ഐഎഎസിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി്.
വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലുള്ള സ്കൂള്‍ കെട്ടിടത്തിലാണ് അപാകതയുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമന്റ് അടര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതോടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരനോട് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് തയ്യാറായ സ്കൂള്‍ കെട്ടിടമായിരുന്നു ഇത്.
കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്കൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബിക്കെതിരെ നേരത്തെ തന്നെ പ്രതിപക്ഷം പരാതികള്‍ നല്കിയപ്പോള് അതിനെ പരിഹസിച്ചവര്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ കെട്ടിടനിര്‍മാണത്തെക്കുറിച്ച് പഠിക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Chembuchira School: Education minister ordered for investigation