ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന ബാഡൂര്‍ എ.എല്‍.പി സ്കൂള്‍ അധ്യാപിക ഷേണി ബല്‍ത്തക്കല്ലിലെ സചിതാറൈ(27)യെ ബദിയടുക്ക പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സചിതാറൈയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് എസ്.ഐ. ലക്ഷ്മിനാരായണന് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇന്നലെയാണ് സചിതാറൈയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലൂടെ കൈക്കലാക്കിയ പണമെല്ലാം ഉഡുപ്പിയിലെ ജയറാം കുന്താര് എന്നയാളെ ഏല്‍പ്പിച്ചതായി സചിതാറൈ പൊലീസിനോട് പറഞ്ഞു.
ജയറാം തനിക്ക് നല്കിയ 75 ലക്ഷം രൂപയുടെ ചെക്ക് മാത്രമാണ് കയ്യിലുള്ളതെന്നും പണമില്ലെന്നും സചിതാറൈ വെളിപ്പെടുത്തി. പൊലീസ് മുമ്പ് ചോദ്യംചെയ്തപ്പോഴും ഉഡുപ്പി സ്വദേശി 75 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയതായി പറഞ്ഞിരുന്നു. അതേ മൊഴി തന്നെയാണ് കസ്റ്റഡിയില്‍ കിട്ടിയപ്പോഴും പ്രതി ആവര്‍ത്തിച്ചത്. തട്ടിപ്പിന്റെ സൂത്രധാരന്‍ ഉഡുപ്പി സ്വദേശിയാണെന്നും സചിതാ റൈ ഇടനിലക്കാരിയാണെന്നുമാണ് പൊലീസ് കരുതുന്നത്.
സചിതാറൈയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ജയറാം കുന്താറിനെതിരെ കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണനയിലാണ്. തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സചിതക്കെതിരെ ബദിയടുക്ക പൊലീസ് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്പള, മഞ്ചേശ്വരം, ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ്, അമ്പലത്തറ, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി എന്നിവിടങ്ങളിലും സചിതക്കെതിരെ കേസുകളുണ്ട്.
മകളുടെ പണം സചിതാറൈ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന പള്ളത്തടുക്കയിലെ സരോജിനി (50) ആത്മഹത്യ ചെയ്ത സംഭവത്തിലും ബദിയടുക്ക പൊലീസ് അന്വേഷണം നടത്തിവരികയാണ്. സരോജിനിയുടെ ഭര്‍ത്താവ് അരവിന്ദാക്ഷന് നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഈ സംഭവത്തിലും സചിതക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.