മഞ്ചേശ്വരം: മജീര്‍പള്ള കോളിയൂരില്‍ വന്‍ ക്ഷേത്രക്കവര്‍ച്ച. കോളിയൂരിലെ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന്റെ പിറക് വശത്തെ വാതില്‍പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. നേര്‍ച്ചയായി ലഭിച്ച ഒമ്പത് പവന് സ്വര്‍ണാഭരണങ്ങളടക്കം നഷ്ടപ്പെട്ടു. ലോക്കര്‍ പൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അതേസമയം രണ്ട് വെള്ളിയാഭരണങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. രണ്ട് ഫ്യൂസുകള്‍ ഊരിയ നിലയിലാണ്. മോഷണത്തിനെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മഴക്കോട്ടും മുഖംമൂടിയും ധരിച്ചിരിക്കുന്നതിനാല്‍ ഇവരെ വ്യക്തമായി കാണുന്നില്ലെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തും.