കാഞ്ഞങ്ങാട്/തളങ്കര: കായിക മേഖലയ്ക്ക് പ്രത്യേകിച്ച് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് പകരം വയ്ക്കാനില്ലാത്ത സംഘാടകനെയും അനൗണ്സറെയുമാണ് കെ. ഹസന് മാസ്റ്ററുടെ വേര്‍പാടോടെ നഷ്ടമായത്. ഏതു കായിക രംഗത്തെക്കുറിച്ചും അഗാധമായി അറിവുള്ള ഹസന് മാസ്റ്റര്‍ തത്സമയ കളി വിവരണത്തില്‍ പുതിയ പാതയാണ് വെട്ടിത്തുറന്നത്. തളങ്കരയ്ക്കും സ്പോര്‍ട്സ് തല്പരനായ ഈ അധ്യാപകനെ മറക്കാനാവില്ല. തളങ്കര ഗവ. മുസ്ലിം ഹൈസ്ക്കൂള് ടീമിന്റെയും കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെയും വളര്‍ച്ചയില്‍ ഹസന് മാസ്റ്റര്‍ക്ക് വലിയ പങ്കുണ്ട്. കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.
നാല് പതിറ്റാണ്ടുകാലം വോളിബോള്‍ ടൂര്‍ണമെന്റുകളില്‍ ഹസന്റെ ആകര്‍ഷകമായ ശബ്ദത്തിലൂടെയുള്ള കളി വിവരണങ്ങള്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ഹരം പകര്‍ന്നിരുന്നു. 80 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ കാഞ്ഞങ്ങാട് ടൂര്‍ണമെന്റുകള്‍ കൊണ്ട് വോളിബോളിന്റെ സുവര്‍ണകാലമായിരുന്നു. അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ മെന്റ് മുതല്‍ ജില്ലാ പ്രാദേശിക ടൂര്‍ണമെന്റുകള്‍ അരങ്ങേറി ഈ പ്രദേശത്തെ കായിക പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഹസന്റെ മാസ്മരിക ശബ്ദത്തിന് കഴിഞ്ഞിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറിയുള്ള അനൗണ്‍സ്മെന്റ് കായികപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളം സംഭാവന നല്കിയ അന്താരാഷ്ട്ര വോളിതാരം ജിമ്മി ജോര്‍ജ്, ഇന്ത്യന്‍ താരങ്ങളായ ഉദയകുമാര്‍ സിറില്‍ സി. വെള്ളൂര്‍, ബല്വെന്ത് സിങ്, സാലി ജോസഫ്, ജയ്സമ്മ ജെ. മൂത്തേടന് തുടങ്ങി ഒട്ടനവധി താരങ്ങളുടെ കളിക്കളത്തിലെ പ്രകടനങ്ങള്‍ ഹസന് അനൗണ്‍സ് ചെയ്തിട്ടുണ്ട്.
വിവിധ കായിക സംഘടനകളുടെ ജില്ലാ തലപ്പത്ത് ഉണ്ടായിരുന്ന ഇദ്ദേഹം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമായിരുന്നു.
തളങ്കര മുസ്ലിം ഹൈസ്ക്കൂളില്‍ ഹസന് മാസ്റ്റര്‍ അധ്യാപകനായിരുന്ന കാലം തളങ്കരയുടെ കായിക കുതിപ്പിന്റെ കാലം കൂടിയായിരുന്നു. മുസ്ലിം ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ അക്കാലത്ത് നടന്നുവന്നിരുന്ന കായികമേളകളില്‍ ഹസന് മാസ്റ്ററുടെ അനൗണ്‍സ്മെന്റ് എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.
പ്രിയപ്പെട്ട ഗുരുനാഥനോടുള്ള ആദരമായി തളങ്കരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കാണാറുണ്ടായിരുന്നു.