കാസര്‍കോട്: നാടെങ്ങും ഓണാഘോഷലഹരിയില്‍. തിരുവോണത്തിന് ഇനി ബാക്കിയുള്ളത് ഒരു ദിവസം മാത്രം. നാളെ ഉത്രാടം. ഉത്രാട ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നഗരങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുള്ള വെീടുകളില് തിരുവോണം പോലെ തന്നെയാണ് ഉത്രാടവും ആഘോഷിക്കുന്നത്. ആണ്‍കുഞ്ഞിന്റെ ആദ്യത്തെ ഓണമെങ്കില്‍ കോടി ഓണവും പെണ്‍കുഞ്ഞിന്റെ ആദ്യത്തെ ഓണമെങ്കില്‍ കോടി ഉത്രാടവും ആഘോഷിക്കുന്നു.
സ്കൂളുകളിലെല്ലാം ഇന്നാണ ് ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവോണത്തിന് പൂക്കളമല്‍സരവും നടത്തുന്നുണ്ട്. കാസര്‍കോടും കാഞ്ഞങ്ങാടും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഓണത്തിരക്ക് വര്‍ധിച്ചു. ബസുകളിലും തിരക്കേറിയിരിക്കുകയാണ്. നഗരങ്ങളിലെ പൂ വില്‍പ്പന കേന്ദ്രങ്ങളിലും വസ്ത്രസ്ഥാപനങ്ങളിലും തിരക്കേറി. ചെരുപ്പ് കടകളിലും ഫാന്‍സി കടകളിലും തിരക്ക് വര്‍ധിച്ചു. പൂവിപണി കീഴടക്കിയിരിക്കുന്നത് മറുനാടന്‍ പൂക്കളാണ്. പൂവില്പ്പനക്കാരില് ഏറെയും ഇതര സംസ്ഥാനക്കാരാണ്. ചെണ്ടുമല്ലി, ജമന്തി, മുല്ല തുടങ്ങി മനോഹരമായ വിവിധയിനം പൂക്കളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. മൈസൂരുവില്‍ നിന്നും സേലത്തുനിന്നുമാണ് പൂ വില്‍പ്പനക്ക് കൊണ്ടുവന്നത്. കുടുംബശ്രീകളും സ്വാശ്രയ സംഘങ്ങളും ഗ്രാമങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയ ചെണ്ടുമല്ലിയും വില്‍പ്പനക്കുണ്ട്. വില കുറച്ചുകിട്ടുന്നതിനാല് നാടന്‍ ചെണ്ടുമല്ലിക്കും ആവശ്യക്കാരേറെയാണ്. വഴിയോരവസ്ത്രവില്പ്പനയും സജീവമായിട്ടുണ്ട്. വില കുറഞ്ഞ കുഞ്ഞുടുപ്പുകളും മറ്റ് വസ്ത്രങ്ങളും ലഭിക്കുന്നതിനാല്‍ സാധാരണക്കാര്‍ വഴിയോരക്കച്ചവട കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു. വില കുറച്ച് സാധനങ്ങള്‍ ലഭിക്കുന്നതിനാല്‍ ഓണച്ചന്തകളിലും തിരക്ക് കൂടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക ഓണാഘോഷപരിപാടികള്‍ ലളിതമായാണ് നടത്തുന്നതെങ്കിലും തിരുവോണം അടുത്തതോടെ എങ്ങും ഉല്‍സവ പ്രതീതിയാണ്. നഗരങ്ങളിലെ തിരക്ക് കൂടിയതോടെ സുരക്ഷക്കായി പൊലീസ് സ്ക്വാഡുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.