മൊഗ്രാല്‍: മഴ തുടങ്ങിയതേയുള്ളൂ, പെര്‍വാഡ് കടപ്പുറത്തെ തീരദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. ഓരോ കാലവര്‍ഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് തീരദേശജനത. കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്നത്. മുന്‍വര്‍ഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാന്‍ പ്രദേശത്ത് നിര്‍മ്മിച്ച കടല്‍ ഭിത്തികള്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല. കടല്‍ ഭിത്തികളൊക്കെ കടല്‍ തന്നെ കൊണ്ടുപോയി. കഴിഞ്ഞവര്‍ഷം കടല്‍ 200 മീറ്ററുകളോളം കരകവിഞ്ഞപ്പോള്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. നിരവധി കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെങ്ങുകള്‍ കടപുഴകി വീണു. 200 മീറ്ററുകള്‍ക്കുള്ളിലെ തീരമേഖലയായതിനാല്‍ ഒന്നിനും നഷ്ടപരിഹാരവുമുണ്ടായില്ല. റവന്യൂ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച കടല്‍ഭിത്തിയുടെ ശേഷിച്ച ഭാഗങ്ങള്‍ കൂടി ഇപ്പോള്‍ കടലെടുക്കുകയാണ്.
പ്രദേശവാസികള്‍ ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ‘ജിയോ ബാഗ്’ കൊണ്ട് പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച കടല്‍ഭിത്തിക്കും കടലേറ്റം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതുകൂടി കടലെടുത്താല്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ഒരു വര്‍ഷമായി കടലില്‍ മത്സ്യസമ്പത്തില്ലാതെ കടലോര നിവാസികള്‍ ദുരിതത്തിലാണ്. ഇതിനിടയില്‍ കാലവര്‍ഷവും കടലാക്രമണവും കൂടിവരുന്നതോടെ തീരദേശം തീരാദുരിതത്തിലാവും.