മംഗലാപുരം: 13 വര്‍ഷങ്ങളായി കേരളത്തിലെയും കര്‍ണാടകയിലെയും രോഗികള്‍ക്ക് ആശ്രയമായ ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ്ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് കാന്‍സര്‍ രോഗ ചികിത്സാ മേഖലയിലേക്കും സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ട ഇന്ത്യാന കാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ 30ന്് കര്‍ണാടക ആരോഗ്യ – കുടുംബക്ഷേമ മന്ത്രിദിനേശ് ഗുണ്ടു റാവു നിര്‍വഹിച്ചു. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ് മുഖ്യാതിഥി ആയിരുന്നു. ദക്ഷിണ കന്നഡ പാര്‍ലമെന്റ് അംഗം ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട, മംഗളൂരു സിറ്റി സൗത്ത് നിയമസഭാംഗം വേദവ്യാസ് കാമത്ത്, കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ., മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍, ദക്ഷിണ കന്നഡ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. എച്ച്.ആര്‍. തിമ്മയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാന്‍സര്‍ ചികിത്സ മേഖലയിലെ നൂതന ചികിത്സാ സേവനങ്ങള്‍ അഭാവമുള്ള മേഖലകളിലെ ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. ലോകനിലവാരമുള്ളതും പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ കാന്‍സര്‍ പരിചരണം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതാണ് ഇന്ത്യാന കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തന ലക്ഷ്യം.
കാന്‍സര്‍ ചികിത്സാരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ നൂതന സംവിധാനങ്ങളും ഉള്‍കൊള്ളിച്ചാണ് ഇന്ത്യാന കാന്‍സര്‍ സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള മുന്‍ നിര കാന്‍സര്‍ സെന്ററുകളില്‍ ഇപ്പോള്‍ കാണുന്നത് ഓരോ രോഗിയുടെയും തങ്ങളുടേതായ രോഗാവശ്യങ്ങള്‍ക്കനുസൃതമായി ചികിത്സാരീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. ഇത്തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളും ട്രീറ്റ്‌മെന്റും ആണ് ഇന്ത്യാനയിലും കൊണ്ടുവരുന്നതെന്ന് ഇന്ത്യാന ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. യൂസഫ് കുംബ്ലെ പറഞ്ഞു. കാന്‍സര്‍ ചികിത്സ മേഖലയിലെ വിദഗ്ധരുടെ ഒരു സംഘമാണ് ഇന്ത്യാന കാന്‍സര്‍ സെന്ററിന്റെ ചുക്കാന്‍ പിടിക്കുന്നത്.
ജി.സി.ആര്‍.ഐയിലെ കാന്‍സര്‍ വിദഗ്ധരായ ഡോ. അജയ് കുമാര്‍ (സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. സംഗീത കെയ (ഗൈനക്ക് ഓങ്കോളജിസ്റ്റ്), മുംബൈ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്ന് പരിശീലനം നേടിയ ഡോ. രാംനാഥ് ഷേണായി (മെഡിക്കല്‍ ആന്റ് ഹെമറ്റോ ഓങ്കോളജിസ്റ്റ്) എന്നിവരാണ് ഇന്ത്യാന കാന്‍സര്‍ സെന്ററിന്റെ നേതൃനിരയില്‍ ഉള്ളത്.
കരള്‍, പാന്‍ക്രിയാസ്, കൊളോറെക്റ്റല്‍, കുടല്‍, ഹെഡ് ആന്റ് നെക്ക് വിഭാഗങ്ങളില്‍ കാന്‍സര്‍ തൊറാസിക് സര്‍ജറി വിദഗ്ധനാണ് ഡോ. അജയ് കുമാര്‍, കൂടാതെ തൊറാസിക്, ഉദര കാന്‍സറുകള്‍ക്കുള്ള മിനിമലി ഇന്‍വേസീവ് സര്‍ജറികളില്‍ മികച്ച വൈദഗ്ധ്യവും അദ്ദേഹത്തിനുണ്ട്. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, അണ്ഡാശയം, ഗര്‍ഭാശയം, ഗര്‍ഭാശയ അര്‍ബുദം എന്നിവയുടെ ചികിത്സയിലാണ് ഡോ. സംഗീതയുടെ വൈദഗ്ധ്യം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വരുന്ന സോളിഡ് ട്യൂമര്‍, ബ്ലഡ് കാന്‍സര്‍ എന്നീ ചികിത്സകളില്‍ സ്‌പെഷലിസ്റ്റ് ആണ് ഡോ. രാംനാഥ് ഷേണായ്. കൂടാതെ കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ടാര്‍ഗെറ്റഡ് മോളിക്യുലാര്‍ തെറാപ്പി എന്നിവയിലും വിദഗ്ധനാണ്. ഈ പ്രഗത്ഭരുടെ കീഴില്‍ ഓരോ രോഗിക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണമാണ് ഇന്ത്യാന കാന്‍സര്‍ സെന്റര്‍ ഉറപ്പാക്കുന്നത്.
ഇന്ത്യാന കാന്‍സര്‍ സെന്ററിന്റെ ഏറ്റവും ശ്രദ്ധേയമായ ലക്ഷ്യം അതിന്റെ സഹകരണപരമായ സമീപനമാണ്. ഒന്നിലധികം വിദഗ്ധരുടെ കൂട്ടായ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, സമയബന്ധിതവും കൃത്യവും വ്യക്തിഗതവുമായ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാനും അതുവഴി വിവിധ കാന്‍സര്‍ രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കഴിയുമെന്ന് ഇന്ത്യാന ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. അലി കുംബ്ലെ പ്രസ്താവിച്ചു.