കാസര്‍കോട്: ജില്ലയില്‍ വന്‍കിട റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി കൊറിയന്‍ വ്യവസായി കാസര്‍കോട് സന്ദര്‍ശിച്ചു. കൊറിയയിലെ പ്രമുഖ വ്യവസായിയും നിലവില്‍ എറണാകുളം പെരുമ്പാവൂര്‍ റബ്ബര്‍ പാര്‍ക്കിലെ ലാറ്റക്സ് വ്യവസായ യൂണിറ്റില്‍ നിക്ഷേപം നടത്തിയ ഡുകി ക്യോനാണ് കാസര്‍കോട്ടെത്തി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന നമ്മുടെ കാസര്‍കോട് പരിപാടിയില്‍ അതിഥിയായാണ് ഡുകി ക്യോന്‍ എത്തിയത്.
കേരളം ആസ്ഥാനമായി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സ്ഥലത്തിനായി സാധ്യതാ പഠനം നടത്തുന്നത്. നിര്‍ദ്ദിഷ്ട മടിക്കൈ വ്യവസായ പാര്‍ക്ക്, അനന്തപുരം വ്യവസായ എസ്റ്റേറ്റ്, മുന്നാട് പീപ്പിള്‍സ് കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ആദ്യഘട്ടത്തില്‍ 9 കോടിയോളം നിക്ഷേപം പ്രതീക്ഷിക്കുന്ന സംരംഭത്തിനായി 5 ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് (കെ.എസ്.എസ്.ഐ.എ.) സംസ്ഥാന നേതാക്കളായ മുഹമ്മദ് അഷ്റഫ് എന്‍.വി., അനീസ് എന്‍.എ., അന്‍വര്‍ ടി.കെ. എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലും അതിര്‍ത്തി ജില്ലകളിലും റബ്ബര്‍ കൃഷി ഏറെയുള്ളതിനാല്‍ ലാറ്റക്സ് പോലുള്ള വ്യവസായങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് ജില്ലാ കലക്ടര്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ദേശീയപാത വികസനത്തെതുടര്ന്നുള്ള യാത്രാ-ചരക്കുനീക്ക സൗകര്യങ്ങളും പുതിയ വ്യവസായ എസ്റ്റേറ്റുകളും ഭൂമി ലഭ്യതയും വ്യാവസായിക സൗഹൃദ സാഹചര്യങ്ങളും കാസര്‍കോടിനെ കേരളത്തിന്റെ വ്യാവസായിക ഹബ്ബാക്കി ഉയര്‍ത്തുകയാണെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, കെ.എസ്.എസ്.ഐ.എ. ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ്, മുന്‍ പ്രസിഡണ്ടുമാരായ കെ. അഹമ്മദലി, കെ.ടി. സുഭാഷ് നാരായണന്, ജോ. സെക്ര. പ്രസീഷ് കുമാര്‍ എം., ജില്ലാ കമ്മിറ്റിയംഗം അലി നെട്ടാര്‍ എന്നിവര്‍ സംബന്ധിച്ചു.
വിദ്യാനഗര്‍ സിഡ്കോ എസ്റ്റേറ്റിലെ കെ.എസ്.എസ്.ഐ.എ ജില്ലാ ഓഫീസില്‍ അദ്ദേഹത്തിന് സ്വീകരണം നല്കി.