ചെര്‍ക്കള: ഒന്നിച്ച് പഠിച്ചവര്‍ സ്കൂളിന്റെ പടിയിറങ്ങി 30 വര്‍ഷം പിന്നിട്ടിട്ടും ആ സഹപാഠി കൂട്ടായ്മയുടെ സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. തങ്ങളുടെ കൂട്ടത്തിലൊരാള്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പാടുപെടുന്നതറിഞ്ഞ് സഹായഹസ്തവുമായി സഹപാഠികളെത്തി. ഇടിഞ്ഞ് വീഴാറായ ഒറ്റമുറി വീട്ടില്‍ പറക്കമുറ്റാത്ത മക്കള്‍ക്കൊപ്പം കഴിയുകയായിരുന്ന ഭിന്നശേഷിക്കാരിയായ സഹപാഠിക്ക് അവര്‍ പുതിയ വീട് വെക്കാന്‍ സ്ഥലം വാങ്ങി നല്കി. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1993-94 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘യൂടേണ്‍ ഓര്‍മ്മയ്ക്കായ് നന്മക്കായ്’ സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാരിയായ സഹപാഠിക്ക് വീട് വെക്കാന്‍ സ്ഥലം വാങ്ങി നല്‍കിയത്. സ്ഥലത്തിന്റെ ആധാരം കഴിഞ്ഞ ദിവസം കൈമാറി. ചെര്‍ക്കള ഹൈസ്കൂള്‍ പി.ടി.എ ഹാളില്‍ ചേര്‍ന്ന ചടങ്ങ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷൈമ സി.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന് കബീര്‍ ചെര്‍ക്കളം സ്ഥലത്തിന്റെ ആധാരം റിട്ട. അധ്യാപകന് അബ്ദുല്ലക്കുഞ്ഞി മാഷിന് കൈമാറി. യൂടേണ്‍ ചെയര്മാന് മുനീര്‍ പി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, പി.ടി.എ പ്രസിഡണ്ട് ഷാഫി ഇറാനി, ഉമ്മാലി, സമീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ രാജേഷ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഉസ്മാന് സി.കെ നന്ദിയും പറഞ്ഞു. സ്ഥലം ലഭിച്ചതോടെ വീടൊരുക്കുന്നതിന് സുമനസ്സുകള്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാന്ന് യുവതിയും മക്കളും.