പാക്കം: പാക്കം-പള്ളിപ്പുഴ പുലിക്കോടന് വലിയവീട് തറവാട് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ട് ഉത്സവത്തിന് കൂവം അളന്നു. തെയ്യംകെട്ടിന് മുന്നോടിയായി നടക്കുന്ന പ്രധാന അനുഷ്ഠാന ചടങ്ങാണിത്.
തിരുമുറ്റത്ത് കൂട്ടിയിട്ട നെല്ലിന് കൂമ്പാരത്തില്‍ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് നിശ്ചിത ഇടങ്ങഴി നെല്ല് അളന്നു മാറ്റിവെക്കും. വഴിപാട് ചടങ്ങ് ഇല്ലാത്തക്ഷേത്രങ്ങളിലേക്ക് ദീപത്തിന് എണ്ണയും നല്‍കും.
പാലക്കുന്ന് ക്ഷേത്രത്തില്‍ തെയ്യംകെട്ടിന് ശേഷം കൂട്ടം അടിയന്തിരവും നടത്തും. തെയ്യംകെട്ടിന് ചൂട്ട് ഒപ്പിക്കാന്‍ നിയുക്തനായ പള്ളിപ്പുഴ അപ്പകുഞ്ഞിയാണ് നെല്ല് അളന്നത്. ആചാര സ്ഥാനികര്‍, ആഘോഷകമ്മിറ്റി, ദേവസ്ഥാന കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും നാട്ടുകാരും പങ്കെടുത്തു.
സന്ധ്യാദീപത്തിന് ശേഷമാണ് മറൂട്ട് ചടങ്ങുകള്‍ തുടങ്ങിയത്. വെളിച്ചപ്പാടന്മാര് ദര്‍ശനപ്പെട്ട് ‘ഒന്നും രണ്ടും പറഞ്ഞ’ ശേഷം കൂവം അളക്കല്‍ ചടങ്ങ് ആരംഭിച്ചു.
ഏപ്രില്‍ 9 മുതല്‍ 11 വരെയാണ് ഇവിടെ വയനാട്ടു കുലവന് തെയ്യം കെട്ട് നടക്കുന്നത്. 8ന് രാത്രി വനിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കും.