ഹജ്ജ്: ഒരുക്കങ്ങള്‍ ആരംഭിച്ചു, യാത്രാ ചെലവ് കുറയും 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷവും അവസരമില്ല

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ മഹാമാരിയുടെ പൂര്‍ണ്ണമായ നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജിനുള്ള യാത്ര പുറപ്പെടുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയിന്റുള്ളത് കേരളത്തിലാണ്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നീ മൂന്ന് വിമാനത്താവളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി വിമാനങ്ങള്‍ പുറപ്പെടും. കേരളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി അപേക്ഷിച്ചത് ഇരുപതിനായിരത്തിന് മുകളില്‍ ആളുകളാണ്. ഇന്ത്യയില്‍ […]

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ മഹാമാരിയുടെ പൂര്‍ണ്ണമായ നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജിനുള്ള യാത്ര പുറപ്പെടുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയിന്റുള്ളത് കേരളത്തിലാണ്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നീ മൂന്ന് വിമാനത്താവളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി വിമാനങ്ങള്‍ പുറപ്പെടും. കേരളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി അപേക്ഷിച്ചത് ഇരുപതിനായിരത്തിന് മുകളില്‍ ആളുകളാണ്. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനായി സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത് ഒന്നേമുക്കാല്‍ ലക്ഷം ആളുകള്‍ക്കാണ്. ഇതില്‍ കേരളത്തിനുള്ള വിഹിതം എത്ര എന്ന് ഇതുവരെ നിര്‍ണയിച്ചിട്ടില്ല. നിര്‍ണ്ണയിക്കുന്ന ഉടനെ നറുക്കെടുപ്പ് ഉണ്ടാകും-അദ്ദേഹം അറിയിച്ചു. 13000 ആളുകള്‍ക്ക് ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്നും അപേക്ഷിച്ചവരില്‍ 80 ശതമാനവും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. ഹജ്ജ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം മൂന്ന് എംബാര്‍കേഷന്‍ പോയിന്റുകളിലും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പ്രാഥമികമായി ആവശ്യമുള്ള എല്ലാ ഒരുക്കങ്ങളും മൂന്ന് വിമാനത്താവളത്തിലും പൂര്‍ത്തിയായതായും സി. മുഹമ്മദ് ഫൈസി വ്യക്തമാക്കി.
നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കുക. മെയ് 20ന് ശേഷമാണ് ഹജ്ജിന് വേണ്ടിയുള്ള യാത്രകള്‍ പുറപ്പെടുക. ഇതിന് മുമ്പ് നറുക്കെടുപ്പ് നടക്കണം. നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ മൂന്ന് തവണകളിലായി തുക അടക്കണം. ഹജ്ജ് യാത്രക്ക് എത്ര തുക ആകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും മൂന്ന് ലക്ഷത്തിന് മുകളിലാകുമെന്നും അദ്ദേഹം അറിയിച്ചു. ബാഗ്, കുട തുടങ്ങിയ സാധനങ്ങള്‍ ഹാജിമാരില്‍ നിന്നും തുക വാങ്ങി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇവ വിതരണം ചെയ്യാനും അത് സമയത്ത് എത്തിക്കാനും കഴിഞ്ഞ വര്‍ഷം പ്രയാസം നേരിട്ടത് കാരണം മുന്‍ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഹജ്ജിന് തുക കുറഞ്ഞേക്കും. ചെറിയ ചില മാറ്റങ്ങള്‍ ഈ വര്‍ഷം ഹജ്ജ് യാത്രക്കുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പുരുഷന്മാര്‍ കൂടെ ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള അനുവാദം ഈ വര്‍ഷവും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയിട്ടുണ്ട്. ഒരു കവറില്‍ നാല് സ്ത്രീകള്‍ ഉണ്ടായാല്‍ ആ നാല് സ്ത്രീകള്‍ക്ക് ഒപ്പം പുരുഷന്‍ ഇല്ലാതെ തന്നെ ഹജ്ജിന് പോകാവുന്നതാണ്. കഴിഞ്ഞ നാല് വര്‍ഷമായി അത് തുടരുകയുമാണ്-ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു.
ഇന്ത്യയില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീ അപേക്ഷകരുള്ളത്. 70 വയസിന് മുകളിലുള്ളവര്‍ക്ക് നറുക്കെടുപ്പ് ഇല്ലാതെ തന്നെ പോകാനുള്ള അവസരം ലഭിക്കും. എന്നാല്‍ കോവിഡ് പോലുള്ള പകര്‍ച്ച വ്യാധി മൂലം സൗദി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചത് കാരണം പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷവും ഹജ്ജിന് പോകാനുള്ള അവസരം ലഭിക്കില്ല. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വനിത ഹാജിമാര്‍ ഹജ്ജിന് പോകുന്ന കോഴിക്കോട് വനിതകള്‍ക്കായി പണികഴിപ്പിച്ച പുതിയ ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. ഒരുമാസത്തിനുള്ളില്‍ അതിന്റെ ഉദ്ഘാടനം നടക്കുമെന്നും സി. മുഹമ്മദ് ഫൈസി അറിയിച്ചു.
ഹാജിമാര്‍ വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂറിന് മുമ്പ് എംബാര്‍കേഷന്‍ പോയിന്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. ആ ഒരു ദിവസം ഹാജിമാര്‍ കേന്ദ്രത്തില്‍ താമസിക്കേണ്ടി വരും. ഇതിനുള്ള ഒരുക്കങ്ങള്‍ നിലവില്‍ കൊച്ചിയിലുണ്ട്. കോഴിക്കോട്ടും ആധുനിക കെട്ടിട സൗകര്യമുണ്ട്. കണ്ണൂരില്‍ താല്‍ക്കാലിക ഹജ്ജ് ക്യാമ്പ് സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 16 അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് ഹജ്ജിന് നേതൃത്വം നല്‍കുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ ഈ വര്‍ഷം കൊച്ചിയില്‍ നിന്നും ഹജ്ജിന് യാത്ര പുറപ്പെടും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള എല്ലാ ഒത്താശകളും ചെയ്യാറുണ്ട്. ഇത് ഇന്ത്യയുടെ ഒരു പാരമ്പര്യമാണ്.
ഹജ്ജിന്റെ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്‍ വര്‍ഷത്തിലുണ്ടായ അതേ താല്‍പര്യം ഇത്തവണയുമുണ്ട്. യാതൊരു വിവേചനവും കല്‍പ്പിക്കുന്നില്ല. കാരണം മനുഷ്യന്‍ സ്വന്തം നാട്ടില്‍ നിന്നും പുറംനാടുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളെ കാണുകയും ബന്ധപ്പെടുകയും ചെയ്യുമ്പോള്‍ മനസ്സ് വിശാലമായി തീരുന്നു. അതാണ് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും വലിയ തത്വം. ആ ഒരു മാനസീകമായ വിശാലത ലഭിക്കുകയാണ് ഹജ്ജിലൂടെ ആളുകള്‍ക്ക് ലഭിക്കുന്നത്. അങ്ങനെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരോടും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ല മനസുകള്‍ തീര്‍ത്ഥാടനത്തിലൂടെ ലഭിക്കുമ്പോള്‍ അത് രാജ്യത്തിന് തന്നെ സൗഭാഗ്യവും സന്തോഷവുമാണ് ഉണ്ടാക്കുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.


-റാശിദ് പൂമാടം

Related Articles
Next Story
Share it