വീണ്ടും അപരിഹാര്യമൊയൊരു നഷ്ടം മലയാള കവിതാ ലോകത്തിന്! സമാദരണീയനായ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയും പോയി. ഒരു കൊല്ലത്തോളമായല്ലോ അദ്ദേഹം അങ്ങോട്ടുള്ള അവസാന യാത്രക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു.
കോളേജധ്യാപകന്‍, കേരള ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍-ഇതെല്ലാം ഔദ്യോഗികതലത്തില്‍. പിന്നെ, ക്ഷേത്രത്തിലെ ശാന്തിവൃത്തി. അതും യഥാവിധി നിര്‍വ്വഹിച്ചു. എന്നാല്‍ ഒട്ടും യാഥാസ്ഥിതികനായിരുന്നില്ല അദ്ദേഹം. ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന പ്രിയകവയിത്രി സുഗതകുമാരിയുടെ പാദപൂജ ചെയ്ത് അദ്ദേഹം പാരമ്പര്യവാദികളെ ഞെട്ടിച്ചു. പലരും അതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ബ്രാഹ്‌മണന്‍ ശൂദ്രസ്ത്രീയുടെ പാദപൂജ നടത്തുകയോ? അതും ഒരു വിധവയുടെ? സുകൃതക്ഷയം! അദ്ദേഹം മറുപടി പറഞ്ഞു: ‘കാവ്യദേവതയെയാണ് താന്‍ പൂജിച്ചത്’ എന്ന്. സഞ്ചാരപ്രിയനായിരുന്നു അദ്ദേഹം. ഹിമാലയ യാത്ര-തീര്‍ത്ഥാടനമോ, സാഹസ യാത്രയോ, അതല്ല, പ്രകൃതി സൗന്ദര്യം നുകരാനുള്ള അഭിനിവേശമോ ഇതിലൂടെ പ്രകടമായത്?
എന്തുചെയ്യാം, വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കൃതികളൊന്നും തന്നെ തല്‍ക്കാലം എന്റെ കയ്യെത്തും ദൂരത്തില്ല. ആ മനോഹര കവിതകള്‍ ഓര്‍ത്തെടുക്കാനും കഴിയുന്നില്ല. കവിയോടൊപ്പം ചെലവഴിച്ച അവിസ്മരണീയവവും അനുഗൃഹീതവുമായ നിമിഷങ്ങള്‍ ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു. ‘മാതൃഭൂമി’ വാരികയിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിനാമം ആദ്യമായി കാണുന്നത്. 1960കളുടെ ആദ്യവര്‍ഷങ്ങളിലായിരുന്നു അത്. കവിയെ നേരിട്ട് കാണുന്നത് 1965ല്‍. കാഞ്ഞങ്ങാട് കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍. സാഹിത്യതല്‍പ്പരന്മാരുടെ ഒരു കൂട്ടായ്മയുണ്ടായിരുന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനത്തിന് ക്ഷണിച്ചത്, അക്കാലത്ത് പയ്യന്നൂര്‍ കോളേജ് പ്രൊഫസറായിരുന്ന എം.ആര്‍ ചന്ദ്രശേഖരനെ ആയിരുന്നു. ആ ക്ഷണം ഞങ്ങള്‍ക്കൊരു ഭാഗ്യോത്സവമായി-അദ്ദേഹം പരിപാടിക്കായി എത്തിയത് തന്റെ രണ്ട് പ്രിയസുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു-എന്‍.എന്‍ കക്കാടും വിഷ്ണുനാരായണന്‍ നമ്പൂതിരിയും. അന്നേ ദിവസം എം.ആര്‍.സി.യെ കാണാന്‍ പയ്യന്നൂരില്‍ വന്നതായിരുന്നു അവര്‍, അദ്ദേഹം കാഞ്ഞങ്ങാട്ടേക്ക് വരുമ്പോള്‍ സുഹൃത്തുക്കളെയും കൂടെ കൂട്ടി. ഒന്നിന് പകരം മൂന്ന് സാഹിത്യപ്രഭാഷണങ്ങള്‍ കേള്‍ക്കാനുള്ള അപൂര്‍വ്വഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. രണ്ട് കവികളും ഹ്രസ്വപ്രഭാഷണത്തിന് ശേഷം തങ്ങളുടെ പുതിയ കവിതകള്‍ ചൊല്ലുകയുണ്ടായി. ബസില്‍ വന്ന അവരെ പരിപാടിക്ക് ശേഷം പയ്യന്നൂരില്‍ എത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കിയിരുന്നു. കൂടെ പോകാന്‍ ഫോറം പ്രസിഡണ്ടായിരുന്ന അഡ്വ. കെ. പുരുഷോത്തമന്‍ എന്നെ ചുമതലപ്പെടുത്തി. പയ്യന്നൂര്‍ വരെ അവരോടൊപ്പം യാത്ര ചെയ്യാനുള്ള അപൂര്‍വ്വ അവസരം എനിക്ക് ലഭിച്ചു.
അടുത്തത്: മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന കവി സമ്മേളനം. എത്ര കവികളാണ് അന്ന് കാഞ്ഞങ്ങാട്ടെത്തിയത്! വന്ദ്യവയോധികനായ കെ.കെ രാജ, ഇടശ്ശേരി എന്‍.വി കൃഷ്ണവാര്യര്‍, വൈലോപ്പിള്ളി, ടി. ഉബൈദ്, വി.ടി കുമാരന്‍, എന്‍.എന്‍ കക്കാട്, വിഷ്ണുനാരായണന്‍ നമ്പൂതിരി… ഇങ്ങനെ ഒരു സംഘം കവികള്‍. രണ്ട് ദിവസത്തെ പരിപാടികള്‍ക്കെത്തിയ സാഹിത്യകാരന്മാരുടെ താമസത്തിനായി കോട്ടച്ചേരിയില്‍ ഒരു വീട് വിട്ടുകിട്ടിയിരുന്നു. വണ്ടിയിറങ്ങി വരുമ്പോള്‍ അവരെ സ്വീകരിച്ച് ആ വീട്ടിലെത്തിക്കാനും യഥാസമയം പരിപാടി നടക്കുന്ന ദുര്‍ഗാ ഹൈസ്‌കൂളില്‍ കൂട്ടിക്കൊണ്ടുവരാനുമുള്ള ചുമതല മുഖ്യസംഘാടകനായിരുന്ന സി.പി. ശ്രീധരന്‍ എന്നെ ഏല്‍പ്പിച്ചത് ഭാഗ്യമായി കരുതി. വെള്ളിക്കോത്തെ കവി ഭവനത്തില്‍ മഹാകവിയുടെ വന്ദ്യവയോധികയായ അമ്മയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകുന്നതും എന്റെ ജോലിയായിരുന്നു. ആ വിശേഷങ്ങള്‍ വിസ്തരിക്കാനുള്ള സന്ദര്‍ഭം ഇതല്ല. വിഷ്ണുനാരായണന്‍ നമ്പൂതിരിയുമായി അടുക്കാന്‍ വീണ്ടും അവസരം കിട്ടി.
കേരള സാഹിത്യ സമിതിയുടെ വാര്‍ഷിക പരിപാടികള്‍ തലശ്ശേരിയിലും കോഴിക്കോട്ടും വെച്ച് നടക്കുമ്പോള്‍ ഞാനും പോകാറുണ്ടായിരുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയെ കാണാനും പരിചയം പുതുക്കാനും വീണ്ടും അവസരം. മഹാകവി കുമാരനാശാന്റെ ജന്മശതാബ്ദി ആഘോഷം സാഹിത്യഅക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ വെച്ചായിരുന്നു നടന്നത്. മൂന്ന് ദിവസത്തെ സാഹിത്യോത്സവം. പ്രിയകവിയുടെ പിന്നാലെ നടക്കാനും വര്‍ത്തമാനം പറയാനും അവസരം കിട്ടി.
കുറേക്കാലമായി എനിക്ക് ഈ സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടപ്പെട്ടിട്ട്. പിന്നെ വായനാനുഭവങ്ങള്‍ മാത്രമായി. പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ കവിത പഠിപ്പിക്കാന്‍ സാധിച്ചത് ഒരിക്കല്‍ മാത്രം-‘സോക്രട്ടീസി’ന്റെ വിചാരണ ഇതിവൃത്തമാക്കിയുള്ള ഒരു കവിത, പത്താംതരത്തിലേക്കുള്ള പാഠാവലിയില്‍. കാഞ്ഞങ്ങാട്ടെ പരിപാടിയില്‍ വെച്ച് എടുത്ത ഫോട്ടോ കുട്ടികളെ കാണിട്ടു കൊണ്ട് ഒരുപാട് കവിസ്മരണകള്‍ അയവിറക്കി-കവിയോട് ആഭിമുഖ്യം വളര്‍ത്താനുദ്ദേശിച്ച്. കവയിത്രി ഒ.വി ഉഷ, എന്റെ പ്രിയപ്പെട്ട അനുജത്തി, പലപ്പോഴും എഴുതി; വിഷ്ണുവേട്ടനെ കണ്ടു, കവിത കാണിച്ചു എന്നൊക്കെ. എനിക്ക് കിട്ടുന്നില്ലല്ലോ അങ്ങനെയൊരവസരം എന്ന് മറുപടിയില്‍ കുറിക്കാറുണ്ടായിരുന്നു. എന്നെ അന്വേഷിക്കാറുണ്ടായിരുന്നു അദ്ദേഹം എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആരുമല്ലാത്ത എന്നെ അദ്ദേഹം മറന്നിട്ടില്ലല്ലോ! കഷ്ടം! ആ കത്തുകള്‍ പലതും നഷ്ടപ്പെട്ടുപോയല്ലോ!
പാവനമായ വിഷ്ണു സ്മരണയുമായി ഇങ്ങനെ…