‘എന്തിനീ ആമ്പല്‍പ്പൂക്കള്‍?’
-എന്തൊരു മണ്ടന്‍ ചോദ്യമാണിത്? ഓണക്കാലപ്പുലരിയില് പൂ പറിക്കുന്നത് എന്തിനാണ് എന്നറിയില്ലേ? അറിയാതെയല്ല; ‘നാളെ ഈ പൂക്കളാല്‍ വീട്ടുമുറ്റത്ത് ചന്തമാര്‍ന്ന പൂക്കളം രചിക്കും’ എന്ന് പറയുന്നുണ്ടല്ലോ. അപ്പോള്‍, ഈ ചോദ്യം അനാവശ്യമാണെന്ന് അറിയാം. അതാണല്ലോ ‘വെറുതെ ചോദിച്ചേന് ഞാന്‍’ എന്ന് പറഞ്ഞത്.
പക്ഷെ, പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍. മാവേലിത്തമ്പുരാന് എഴുന്നള്ളുമ്പോള്‍, ആദരവോടെ സ്വീകരിച്ച് ഇരുത്താനുള്ള പുഷ്പാസനം ഒരുക്കാന്‍ വേണ്ടിയല്ലത്രെ ഈ കുട്ടികള്‍ ആമ്പല്‍പ്പൂക്കള്‍ പറിക്കുന്നത്. എന്തിന് എന്ന്, ആ കുട്ടികളുടെ അരികെ നിന്ന് വെള്ളം കോരുന്ന, അവരുടെ അമ്മ പറഞ്ഞു: തികച്ചും അപ്രതീക്ഷിതമായ ഉത്തരം. ‘ചന്തയില്‍ കൊണ്ടു പോയി വില്ക്കാന്’, ‘നാല് മുക്കാലോ മറ്റോ നൂറ് പൂ വിറ്റാല്‍ കിട്ടും/മാല കെട്ടാനാണത്രെ’, ‘ആ പണം കൊണ്ട് വല്ലതും വാങ്ങിത്തിന്നാം വിശപ്പടക്കാം.’
പാടത്തും പറമ്പിലും നിന്ന് ആമ്പല്‍പ്പൂക്കളും മറ്റും പറിച്ചെടുത്ത് ചന്തയില്‍ കൊണ്ടു പോയി വിറ്റു കിട്ടുന്ന പൈസ കൊണ്ട്…. ഈ മറുപടി കേട്ടപ്പോള്‍ ചോദ്യ കര്‍ത്താവ് ഞെട്ടിപ്പോയി. ”കെട്ടു പോയിളം വെയില് എന്‍ കണ്‍കളില്‍”. കണ്ണില്‍ ഇരുട്ടുകയറി. പിന്നെ കണ്ടത്, ആ പൂക്കൊട്ടയില്‍, പൂക്കളല്ല, പിഴുതെടുത്ത പിഞ്ചുകരള്!
വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഒരു കവിത. പണ്ട് പാഠപുസ്തകത്തിലുണ്ടായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിപ്പിച്ചത് ഓര്‍ക്കുന്നു. കവി തന്നെ ഈ കവിതയെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. കവി, അധ്യാപകനായിരുന്ന കാലം. രാവിലെ സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍, കാണാനിടയായ കാഴ്ച: കുട്ടികള്‍ ചെളിപ്പാടത്തിറങ്ങി ആമ്പല്‍പ്പൂക്കള്‍ പറിക്കുന്നത്. കുട്ടികളുടെ അമ്മ പാടത്തിന്റെ ഒരു ഭാഗത്ത് നിന്ന് കുടത്തില്‍ വെള്ളം കോരുന്നത്. വീട്ടില്‍ കിണറുണ്ടാവുകയില്ല. തോട്ടിലെ വെള്ളമാണ് വീട്ടിലുപയോഗിക്കുന്നത്. (ഒരാശ്വാസം: ഇക്കാലത്തേത് പോലെ സകല പാഴ്വസ്തുക്കളും കൊണ്ടു പോയി തള്ളി അഴുക്കു ചാലാക്കിയിട്ടില്ല.) കുട്ടികളുടെ അമ്മ പറഞ്ഞ് അവരുടെ ഗതികേടറിഞ്ഞ കവി വല്ലാത്ത അസ്വസ്ഥതയോടെയാണ് സ്കൂളിലെത്തിയത്. ആ യാത്രക്കിടയില്‍ കവിത മനസ്സില്‍ രൂപം പൂണ്ടു. ഒഴിവു കിട്ടിയപ്പോള്‍ കടലാസിലേക്ക് പകര്‍ന്നു. ഇത് കവി മുഖത്ത് നിന്ന് കേട്ടത്-കവിതയുടെ പിറവിക്കഥ. പണ്ട്, ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെ വേടന് അമ്പെയ്ത് വീഴ്ത്തിയപ്പോള്‍ വാല്മീകിക്കുണ്ടായ കോപവും ശോകവുമാണത്രെ ശ്ലോകമായി പരിണമിച്ചത്. ആദികാവ്യത്തിന്റെ പിറവി അങ്ങനെ. വൈലോപ്പിള്ളിയുടെ ‘ആമ്പല്‍പ്പൂക്കള്‍’ എന്ന കൊച്ചുകവിത നമ്മെ ചിന്തിപ്പിക്കുന്നു. ‘ആലോചനാമൃതം’ ആണല്ലോ ഉത്തമകാവ്യം. മാവേലി നാടു വാണ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. മാനുഷരെല്ലാരുമൊന്നുപോലെ-ഒരു പോലെ-ആയിരുന്നു അന്ന്. ഇല്ലായ്മകളും വല്ലായ്മകളും ആര്‍ക്കുമില്ലാതിരുന്ന കാലം. കള്ളവും ചതിവുമില്ലായിരുന്നു. ‘കള്ളപ്പറ’യും ‘ചെറുനാഴിയുമുണ്ടായിരുന്നില്ല-അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കാതിരുന്ന കാലം. സത്യധര്മ്മാദികള് പുലര്‍ന്ന കാലം. അതാണ് പാടേ തകിടം മറിഞ്ഞത്. മറിഞ്ഞതല്ല, ‘മറിച്ചത്’. കാലഗതിയില്‍ സംഭവിച്ചതല്ല. കൊടുംചതിയിലൂടെ, വിശ്വാസവഞ്ചനയിലൂടെ. പ്രസിദ്ധമായ മാവേലിക്കഥ-പുരാണപ്രോക്തമായ മഹാബലിചരിതം വിസ്തരിക്കുന്നില്ല.
‘പറയും’ ‘നാഴിയും’-കവിതയില്‍ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഒന്നുകൂടിയുണ്ട്: തൂക്കം നോക്കുന്നതിനുള്ള ഉപകരണം-‘തുലാസ്’.
സാധനങ്ങള്‍ വില്ക്കുമ്പോഴും വാങ്ങുമ്പോഴും ഒരേ അളവു പകരണം-‘മാനദണ്ഡ’വും ‘മാനപാത്ര’വും-ഉപയോഗിക്കുക. അതാണ് ന്യായം. അത് വ്യത്യസ്തമായാലോ? അതാണ് മഹാബലിയെ ചതിക്കാനായി വാമനന് ഉപയോഗിച്ചത്.
മൂന്നടി ഭൂമി-സ്വന്തം പാദം വെച്ച് അളന്നെടുത്തുകൊള്ളാം എന്ന് പറഞ്ഞപ്പോള്‍ ശുദ്ധരില്‍ ശുദ്ധനായ മഹാബലി വിശ്വസിച്ചു. ‘ദാനോദകം’-ദാനനീര്-വീഴ്ത്തി വാക്കു കൊടുത്തതോടെ വാമനന് വളര്‍ന്നു. അളവുകോല്‍ മാറ്റി. അതോടെ സര്‍വ്വത്ര വിപര്യയങ്ങള്‍!
ബാലമരണങ്ങള്‍ കേള്‍പ്പാനില്ലായിരുന്നു മാവേലിയുടെ കാലത്ത്. ഇന്നോ? അതേ കേള്‍ക്കാനുള്ളു. ഇന്നത്തെ പാട്ട് കവി തിരുത്തിപ്പാടും:
‘മാവേലി നാട് വെടിഞ്ഞേപ്പിന്നെ
മാനുഷരെല്ലാം പലേ വിധത്തില്‍
കള്ളവുമുണ്ട്, ചതിയുമുണ്ട്,
കള്ളത്തരങ്ങള്‍ പല വിധത്തില്‍…’ തുടര്‍ന്ന് പാടിക്കോളു, മനോധര്‍മ്മം പോലെയല്ല, നാട്ടില്‍ കാണുന്നത് പോലെ
ഓണക്കാലത്ത് ഇങ്ങനെയും…
നാരായണന് പേരിയ