കവി തന്നെ മുഖക്കുറിപ്പിലെഴുതിയതു പോലെ ‘ചില നിമിത്തങ്ങളും സ്നേഹ നിര്‍ബന്ധങ്ങളും സാധ്യമാക്കിയ കവിതകള്‍’ സമാഹരിക്കപ്പെട്ടിരിക്കുകയാണ് യുവകവി ബാലഗോപാലന്‍ കാഞ്ഞങ്ങാടിന്റെ ‘ആയുസ്സ് തിന്നുന്ന കിളി’- എന്ന കവിതാ സമാഹാരത്തില്‍.
ഇതു രണ്ടും ചേരുന്നതിലെ സ്വാഭാവികത തന്നെയാണ് സമാഹാരത്തിലെ എല്ലാ കവിതകളുടെയും പൊതുസ്വഭാവവും. ഹ്രസ്വ സുന്ദരമായ അവതാരികയില്‍ ഇതാ ഒരു വഴിവെട്ടുകാരന്‍ എന്ന് പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണനും അത്രയേറെ കൗതുകക്കാഴ്ചകള്‍ സൂക്ഷിച്ചു വച്ച കവിതകളെന്നു പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറും ഈ കവിയെയും ഇദ്ദേഹത്തിന്റെ കവിതകളെയും വായനക്കാരനു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു.
തുടര്‍ന്നുള്ള 131 പേജുകളിലായി നിരന്നു കിടക്കുന്ന 71 കവിതകളില്‍ എല്ലാ കവിതയെഴുത്തു രീതികളിലുമുള്ള രചനകളുണ്ട്. വൃത്തമൊത്തവയും മുറിവാചകങ്ങളും വാക്കുകളുമായി വാര്‍ന്നു വീണവയുമെല്ലാം. വെട്ടുന്ന വഴി പുതിയതാകയാല്‍ പതിഞ്ഞ വഴിയുടെ പാദസുഖം ഉണ്ടായെന്നു വരില്ലെന്നു അവതാരികകളൊന്നിലെ മുന്നറിയിപ്പ് അപ്പോള്‍ നമുക്കോര്‍മ്മ വരും. നമ്മുടെ മുന്‍വിധികള്‍ക്കും മുന്നില്‍ നടക്കുന്ന പലതും കണ്ടില്ലെന്നും നടിച്ചും കാണേണ്ടെന്നു സ്വയം ശാസിച്ചും നമ്മളുണ്ടാക്കിയ സുരക്ഷിത നിലപാടുകള്‍ക്കെല്ലാം മുറിവേറ്റെന്നും വരാം. എങ്കിലും പ്രയാസപ്പെട്ടാണെങ്കിലും വായനായാത്ര പൂര്‍ത്തിയാക്കാതെ വയ്യ. കാരണം വായനയുടെ ഓരോ വഴിത്തിരിവിലും വായനക്കാരനെ തൊടുന്നതെന്തോ ഒന്ന് ഈ സമാഹാരത്തിലെ ഓരോ വാക്കുകളിലും വാചകങ്ങളിലും രണ്ടിനുമിടയിലെ മൗനത്തില്‍ പോലും കവി സമര്‍ത്ഥമായി ചേര്‍ത്തു വച്ചിട്ടുണ്ട്.
കവിതയെന്ന നിത്യകാമുകിയെ തേടാന്‍ ജീവിതം പണയപ്പെടുത്തിയ മഹാകവി പി.കുഞ്ഞിരാമന്‍ നായരെ വരച്ചിടുന്ന നാട്ടിടവഴിയിലെ കുഞ്ഞിരാമന് എന്ന കവിത മലയാള കവിതാ വഴിയില്‍ മസ്തകം ഉയര്‍ത്തിത്തന്നെ നില്‍ക്കുന്ന ആ ‘കാട്ടാനച്ചന്തത്തെ’ വരച്ചിടുന്നു. ജനനം മുതല്‍ മനുഷ്യന്റെ ആയുസ് തിന്നു തീര്‍ക്കുന്ന കാലം എന്ന കിളി ഇതിലെ എല്ലാ കവിതകളുടെയും അന്തര്‍ധാരയാണ്. അതിനാല്‍ സമകാലിക ജീവിത പ്രശ്നങ്ങള്‍ ഓരോ കവിതയിലും അടിയൊഴുക്കായുണ്ട്. എങ്കിലും നിളയില്‍, പാതിരാമണലില്‍, ചന്ദ്രഗിരിക്കരയില്‍, നദീതിരത്തെ വെയില്‍ എന്നീ കവിതകളില്‍ ഓര്‍ക്കാപ്പുറത്ത് ഒഴുക്ക് നിലച്ചു പോകുന്ന പുഴകളുടെ ഗദ്ഗദം കേള്‍ക്കാം. മറ്റു ചിലതിലാകട്ടെ പെണ്‍കുരുതിയില്‍ തളിര്‍ത്ത ‘ആണ്‍ പച്ചച്ചിരികളും..!’
വാക്കുകള്‍ കൊണ്ടു വര്‍ണം ചാലിച്ച് വായനക്കാരന്റെ മനസില്‍ ദൃശ്യങ്ങള്‍ വരച്ചിടാനുള്ള കവിയുടെ കഴിവ് ബീരാന്‍കുന്നിലെ മാപ്പിളക്കണ്ടങ്ങള്‍ എന്ന കവിതയിലെമ്പാടും കാണാം. ‘ചീരുവും ചിരുതയും മുത്താണി മാണിക്യം മുറുക്കിത്തുപ്പി ചോപ്പു കലര്‍ത്തിയ ചെളിവെള്ളത്തെക്കണ്ടതിനാലേ ചോന്നു തുടുത്തൊരു നീലാകാശം…’ തുടങ്ങിയ വരികള്‍ വായനക്കാരന്റെ മനസിന്റെ ക്യാന്‍വാസില്‍ ദിവസങ്ങളോളം മായാതെ നില്‍ക്കുന്ന സുന്ദരചിത്രങ്ങള്‍ വരച്ചിടും. അതില്‍ പലതും ഗ്രാമീണ ജീവിതത്തില്‍ നിന്ന് ഇങ്ങിനി തിരിച്ചു വരാത്ത വണ്ണം മാഞ്ഞുപോയ, കാലം മായ്ച്ചു കളഞ്ഞ ഗൃഹാതുര ദൃശ്യങ്ങളുമായിരിക്കും.
‘ആര്‍ച്ച ചരിതം പാടി നടന്ന് വാക്കിന്നുറുമികള്‍ വീശിയെറിഞ്ഞു തെളിഞ്ഞൊരു കണ്ടം, ചേറായ് ചേറില്‍ തിമര്‍ത്തൊരു കുട്ട്യോള്‍ മരുഭൂമിക്കര തേടിയണഞ്ഞു, കൂരകളെല്ലാം മായ്ച്ചു കളഞ്ഞാ മണിമേടകളില്‍ പെയ്യാന്‍ മഴ പേടിച്ചു….’ കൃഷി വിട്ട് ഗള്‍ഫിന്റെ കിനാവുകളിലേക്കു ചേക്കേറിയ നാട്ടുമനസും ജീവിതത്തിലെ ദുരിതപ്പെയ്ത്തുകള്‍ക്കറുതിയായെങ്കിലും മരുഭൂമിയായിപ്പോയ വയലുകളും നാടന്‍ വിത്തുകളെന്ന പോല്‍ കൈവിട്ട നാട്ടുനന്മകളുമെല്ലാം കൂടി ഒരേ സമയം ആഹ്ലാദത്തിന്റെയും വിഷാദത്തിന്റെയും വേലിയെറ്റങ്ങളും തീര്‍ക്കുന്നു ഈ കവിത.
ചെറുവാക്കുകള്‍ ചേര്‍ത്ത് ഓരോ വായനക്കാരനും തരംപോലെ വായിച്ചെടുക്കാവുന്ന രസകരമായ പ്രയോഗങ്ങള്‍ മിക്കവാറുമെല്ലാ കവിതകളിലും കാണാം.
‘ഖബറിനുള്ളില്‍ നിദ്രയുണര്‍ന്നു
കണ്ണിന്‍കയ്യുകള്‍ വാനിലുയര്‍ന്നാ
നിസ്‌കാരത്തിന്‍ വിയര്‍പ്പു പൊടിഞ്ഞു
(മാപ്പിളക്കണ്ടങ്ങള്‍)
പലായനങ്ങളിലേക്ക് അടിവച്ചടിവച്ച് (ചെരിപ്പു പറയുന്നത്), തൊണ്ടയില്‍ ഗര്‍ഭം ചുമന്ന് പച്ചനെല്‍ക്കിടാത്തികള്‍, രൂപമുള്ള തോട്ടില്‍ രൂപരഹിതനായ ജലം (വടക്കില്‍ നിന്നുമൊരു ഓര്‍മയോണം)… ഇതിനൊപ്പം വടക്കിന്റെ നാട്ടിടവഴിയിലെമ്പാടും കേട്ടിരുന്ന കുറെ വാക്കുകളും പ്രയോഗങ്ങളും മിത്തുകളും…
ഒറ്റയ്ക്ക് മരിച്ച മരം എന്ന ഇതേ കവിയുടെ ആദ്യ സമാഹാരം വായിച്ചടച്ചു വച്ച ഓര്‍മയില്‍ നിന്നു ആയുസ് തിന്നുന്ന കിളി എന്ന രണ്ടാം സമാഹാരം വായിച്ചു തുടങ്ങുന്ന വായനക്കാരനെ വീണ്ടും വീണ്ടും വായിപ്പിക്കാനും വേറിട്ട ചിന്തകളുണര്‍ത്താനും പോന്നതെല്ലാം ഈ പുസ്തകത്തിലുണ്ട്. കൈരളി ബൂക്സ് കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിനു അതിനാല്‍ തന്നെയാണ് ദിവസങ്ങള്‍ക്കകം രണ്ടാം പതിപ്പുണ്ടായതും.