ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയെയും പ്രകമ്പനം കൊള്ളിച്ച് ഇന്ത്യയിലെ കര്‍ഷകസമരം. സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ കൂടുതല്‍ ലോക നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാനേ ദുജാറിക് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാന്‍ അധികാരികള്‍ അവരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക സമരം സംബന്ധിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ 36 ബ്രിട്ടീഷ് എംപിമാരും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റബിന് കത്തു നല്കി. കര്‍ഷക വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും കത്തു നല്‍കിയിട്ടുണ്ട്.
സമാധാനപരമായി നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രൂഡോ പരസ്യമായി പ്രതികരിച്ചത് ഇന്ത്യയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. വിദേശ നേതാക്കളുടെ ഈ വിഷയത്തിലുള്ള പ്രതികരണം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകാന്‍ ഇടയാക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
UN spokesperson Stephane Dujarric says farmers’ ‘have a right to demonstrate peacefully’