മുംബൈ: ബി.ജെ.പിയെ ശക്തമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെയാണ് ബിജെപിക്കെതിരെ ഉദ്ധവ് ആഞ്ഞടിക്കുന്നത്. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഹകരിച്ച് ഭരണം നടത്തുന്ന ശിവസേനസര്ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി രംഗത്തുവരികയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ഉദ്ധവ് നിലപാട് കര്‍ശനമാക്കിയത്.
ഇതിനകം അനേകം തവണ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ച ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയെ മറിച്ചിടാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മുന്നണിഭരണം ഒത്തുപോകില്ലെന്ന പ്രവചനങ്ങള്‍ ബാക്കിനിര്‍ത്തി നവംബര്‍ 28ന് മന്ത്രിസഭ ആദ്യവാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഉദ്ധവ് ബിജെപിയെ പരസ്യമായി വെല്ലുവിളിച്ചത്.
ഭരണത്തില്‍ ഏറിയ കാലം മുതല്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടുമെന്ന വെല്ലുവിളി പലപ്പോഴായി കേട്ടതാണ്. എന്നാല്‍ ഇതുവരെ അക്കാര്യം സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ വെല്ലുവിളിക്കുകയാണ് ധൈര്യമുണ്ടെങ്കില്‍ അങ്ങിനെ ചെയ്യൂവെന്ന് ഉദ്ധവ് പറഞ്ഞു. ശിവജി പാര്‍ക്കില്‍ വീര്‍സവര്‍ക്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക ദസറാ ആഘോഷത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് എത്തിയ ചെറിയ സദസ്സിനെ അഭിസംബോധന ചെയ്താണ് താക്കറെ ഇക്കാര്യം പറഞ്ഞത്.
കോവിഡ് പോലെ മഹാമാരി പടര്‍ന്നു പിടിച്ച് ദുരിതങ്ങള്‍ വിതയ്ക്കുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ അതിലല്ല ശ്രദ്ധിക്കുന്നത് പകരം ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മന്ത്രിസഭകളെ മറിക്കാനാണ് ശ്രമിക്കുന്നത്. രാജ്യം ദുരിതത്തില്‍ വലയുന്നതിന് കാരണം ബിജെപിയുടെ അധികാരത്തോടുള്ള അത്യാര്‍ത്തിയാണ്. ഒപ്പമുള്ള മറ്റുള്ളവരെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.
Uddhav Thackeray against BJP