കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ടീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ. നായരുടെ സ്മരണയ്ക്കായി ടി.കെ.കെ. ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും വിവര്‍ത്തകനുമായ കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ.എം.ശ്രീധരന് അര്‍ഹനായി.
28ന് വൈകിട്ട് 3.30ന് വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പുരസ്കാര സമര്‍പ്പണം നടത്തും.
പടന്നക്കാട് നെഹ്റു കോളേജില്‍ അധ്യാപകനായിരുന്ന എ. എം. ശ്രീധരന് 2006 മുതല്‍ കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം തലവന്‍, 2009 മുതല്‍ ഡോ. പി.കെ. രാജന് സ്മാരക കാമ്പസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ വിദൂര വിദ്യാഭാസ വിഭാഗം ഡയറക്ടറും അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറുമാണ്.
മുകയര്: വംശീയത, സംസ്കാരം, അതിജീവനം. ഫോക്ലോര്: സമീപനങ്ങളും സാധ്യതകളും, വരിയുടയ്ക്കപ്പെട്ട ജന്മങ്ങള്. മാധ്യമം: മൗലീകതയും നിരാകരണവും, വാക്കിന്റെ രാഷ്ട്രീയം, ബ്യാരിഭാഷ നിഘണ്ടു, ആഖ്യാനം കാലം കഥ, ഉലയും ഉയിരും, തുളു-മലയാളം നിഘണ്ടു. തുളു:പാരമ്പര്യവും വീണ്ടെടുപ്പും, ദുജികെമ്മെരെ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.
കേരള ഫോക്ലോര് അക്കാദമി, എം.കെ. നായര്‍, ബ്യാരി സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഐ.സി. ചാക്കോ, ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍, വെങ്കിട രാമയ്യ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന് ചെയര്മാന് അഡ്വ. സി. കെ. ശ്രീധരന്, ഭാരവാഹികളായ അഡ്വ. എം.സി.ജോസ്, ടി. മുഹമ്മദ് അസ്ലം, ടി. കെ. നാരായണന് സംബന്ധിച്ചു.