ശ്രീനഗര്‍: അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രണം. ജമ്മു കശ്മീര്‍ ശ്രീനഗറിലെ ഗന്ദേര്‍ബല്‍ മേഖലയിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഗന്ദേര്‍ബലിലെ സിആര്‍പിഎഫ് ബങ്കറിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും ഗന്ദേര്‍ബല്‍ എസ്എസ്പി ഖലീല്‍ പൊസ്വാള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അവന്തിപ്പൊരയില്‍ പോലീസും 42 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തിരുന്നു. ജയ്ഷെ ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. ഇതിന് പിന്നാലെയാണ് ആക്രമണം.