തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു മന്ത്രി മന്ദിരം കൂടി പണിയാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ വാടക വീട്ടില്‍ താമസിക്കുന്ന കായിക മന്ത്രി വി അബ്ദുര്‍ റഹ്മാന് വേണ്ടിയാണ് മന്ദിരം നിര്‍മിക്കുന്നത്. റോസ് ഹൗസ് വളപ്പില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. വാടക വീടിന്റെ ചെലവ് ഒഴിവാക്കാനാണ് മന്ദിരം നിര്‍മ്മിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
നിലവില്‍ 21 മന്ത്രിമാര്‍ക്ക് താമസിക്കാന്‍ 20 മന്ദിരങ്ങള്‍ മാത്രമേ ഉള്ളൂ. മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. ഇതിന്റെ പിന്‍ഭാഗത്താണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.
അതേസമയം ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറായിട്ടില്ല എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. കേരളം കടക്കെണിയില്‍ വീര്‍പ്പുമുട്ടുമ്പോഴും മന്ത്രിമാര്‍ക്ക് മന്ദിരം പണിത് നല്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേരത്തെ മന്ത്രി സജി ചെറിയാന കക്കൂസ് പണിയാന്‍ 4.10 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.