കുമരകം: പോലീസുകാരന്റെ വീടിന്റെ വാതിലും ജനല്‍ ചില്ലുകളും സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. പുതുവത്സര തലേന്ന് കുമരകത്താണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. വാതില്ക്കല് മലമൂത്ര വിസര്‍ജനം നടത്തിയിട്ടുണ്ട്. ചുമരില്‍ ‘മിന്നല്‍ മുരളി ഒറിജിനല്‍’ എന്ന് മുന്നറിയിപ്പ് എഴുതിവെച്ചാണ് ആക്രമികള്‍ രക്ഷപ്പെട്ടത്.
വീടിന്റെ ശൗചാലയം തല്ലിത്തകര്‍ത്തിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും കുടുംബവും വെച്ചൂരാണ് ഇപ്പോള്‍ താമസം. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു. കഴിഞ്ഞ രാത്രി കുമരകം പോലീസ് പരിശോധന നടത്തുമ്പോള്‍ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം പോലീസ് പറഞ്ഞു.