കോട്ടയം: കേരളത്തെ ഞെട്ടിച്ച കപ്പിള്‍ ഷയറിംഗ് കേസില്‍ ഇടപെടാന്‍ പോലീസിന് പരിമിതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി ഷില്പ. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റ കേസില്‍ പോലീസിന് ഇടപെടാന്‍ പരിമിതികളുണ്ടെന്നും ഫലത്തില്‍ മോറല്‍ പോലീസിംഗ് ആയി ഇതു മാറുമെന്നും പോലീസ് മേധാവി പറയുന്നു. അത് കൊണ്ടുതന്നെ പരാതി ഉള്ള കേസില്‍ മാത്രമേ പോലീസിന് നടപടി എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അല്ലെങ്കില്‍ നിയമപരമായ തിരിച്ചടി ഉണ്ടാകുമെന്നും ഡി ശില്പ ഐ പി എസ് വ്യക്തമാക്കി.
കോട്ടയത്ത് നിലവില്‍ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഭര്‍ത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നല്കി. അതാണ് കേസില്‍ നിര്‍ണായകമായത് എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കോട്ടയം സ്വദേശിനി നല്കിയ പരാതിയില്‍ ഒമ്പത് പ്രതികളാണുള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പിടികൂടാനായത്. ആദ്യ ദിവസങ്ങളില്‍ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ കേസില്‍ ഇനി അറസ്റ്റില്‍ ആകാനുള്ളത്. ഇതില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ആണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മറ്റു രണ്ടുപേരും ഒളിവില്‍ തുടരുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.
സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരന് വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരന് പറഞ്ഞിരുന്നു. വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരന് പോലീസിനോട് പറഞ്ഞു.
അമ്മ വിചാരിച്ചാല്‍ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരന് പറഞ്ഞിരുന്നു. നിരവധി കുട്ടികള്‍ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരന് വെളിപ്പെടുത്തി. മാതാപിതാക്കള്‍ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികള്‍ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകുന്നതായി സഹോദരന് പറയുന്നു. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ ഉള്ള അന്വേഷണം പോലീസിന് മുന്നോട്ടുകൊണ്ടുപോകാന്‍ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പോലീസ് ചൂണ്ടികാണിക്കുന്നത്.