കാസര്‍കോട്: എടനീര്‍ മഠത്തിന്റെ 14-ാമത് മഠാധിപതിയായി സ്വാമി സച്ചിദാനന്ദഭാരതി പീഠമേറ്റു. ഇന്ന് രാവിലെ എടനീര്‍ മഠം സന്നിധിയില്‍ നടന്ന ഭക്തിനിര്‍ഭരവും ആഹ്ലാദകരവുമായ ചടങ്ങിലാണ് സ്വാമി സച്ചിദാനന്ദഭാരതിയുടെ പീഠാരോഹണചടങ്ങ് നടന്നത്. കാഞ്ചിമഠത്തില്‍ സന്യാസദീക്ഷ സ്വീകരിച്ച് ഇന്നലെയാണ് സ്വാമി സച്ചിദാനന്ദഭാരതി തിരിച്ചെത്തിയത്. ഗണപതിഹോമം, ചണ്ഡികായാഗം, ദേവന് അഭിഷേകം തുടങ്ങിയ പൂജകള്‍ക്ക് ശേഷമാണ് പീഠാരോഹണചടങ്ങ് നടത്തിയത്. ചടങ്ങ് ഒരു മണിക്കൂറിലേറെ നീണ്ടു. വിവിധ മഠങ്ങളിലെ മഠാധിപതിമാരും രാഷ്ട്രീയ സാംസ്കാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സുബ്രഹ്മണ്യ സ്വാമിജി, ചിന്മയാനന്ദസ്വാമിജി തുടങ്ങിയവരും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എത്തിയിരുന്നു.
ഉച്ചയ്ക്ക് 2.30ന് ധാര്മികസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. മുന്‍മഠാധിപതി സ്വാമി കേശവാനന്ദഭാരതി സമാധിയായതോടെയാണ് സ്വാമി സച്ചിദാനന്ദഭാരതിക്ക് എടനീര്‍ മഠാധിപതിയാകാനുള്ള നിയോഗമുണ്ടായത്. കഴിഞ്ഞ സെപ്തംബര്‍ ആറിനായിരുന്നു കേശവാനന്ദഭാരതിയുടെ വിയോഗം. കേശവാനന്ദഭാരതിയുടെ സന്തതസഹചാരിയും പൂര്‍വാശ്രമത്തില്‍ അദ്ദേഹത്തിന്റെ സഹോദരീപുത്രനുമായ ജയറാം മഞ്ചന്ത്തായയാണ് കേശവാനന്ദഭാരതിയുടെ പിന്‍ഗാമിയായ സ്വാമി സച്ചിദാനന്തഭാരതിയായത്.