ബദിയടുക്ക: വീട്ടിലേക്ക് റോഡ് അനുവദിക്കണമെന്നുള്ള പള്ളത്തടുക്കയിലെ നൂറുദ്ദീന്റെ വര്‍ഷങ്ങളായുള്ള മുറവിളിക്ക് ഒടുവില്‍ പരിഹാരമായി. രോഗിയായ ഉമ്മയെ നൂറുദ്ദീന്‍ ഇനി ചുമക്കാതെ വാഹനത്തില്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാം. റോഡിനായി ഇക്കാലമത്രയും പഞ്ചായത്ത് അധികൃതരേയും മാറി മാറി വന്ന ജനപ്രതിനിധികളേയും നൂറുദ്ദീന്‍ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. നിലവിലെ പഞ്ചായത്ത് അംഗം ജ്യോതി കര്യാട് ദുരിതം തിരിച്ചറിഞ്ഞാണ് പരിഹാരം കണ്ടത്. ബദിയടുക്ക-പെര്‍ള റോഡിലെ പള്ളത്തടുക്ക റേഷന്‍ കടയ്ക്കരികിലൂടെ നൂറുദ്ദീന്റെ സ്വന്തം സ്ഥലത്താണ് റോഡ് നിര്‍മ്മിച്ചത്. നേരത്തെ പല തടസ്സങ്ങള്‍ കാരണം റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നൂറുദ്ദീന്റെ മാതാവ് കിടപ്പ് രോഗിയാണ്. റോഡില്ലാത്തതിനാല്‍ ഉമ്മയെ ആസ്പത്രിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ചുമന്നായിരുന്നു കൊണ്ടുപോയിരുന്നത്. കുടുംബത്തിന്റെ ഇത്തരം ദയനീയാവസ്ഥ മനസ്സിലാക്കിയാണ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ജ്യോതി കര്യാട് മറ്റു പ്രവര്‍ത്തകരോടൊപ്പം എത്തി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഡ്രൈനേജ് ഒരുക്കി, ചെമ്മണ്ണ് നീക്കി റോഡ് സൗകര്യം ഉണ്ടാക്കി നല്‍കിയത്. പഞ്ചായത്ത് അംഗത്തിന്റെ മാതൃകാ പ്രവര്‍ത്തനം പ്രശംസക്കിടയാക്കിയിരിക്കുകയാണ്.