പയ്യന്നൂര്‍: ഓണ്‍ലൈന്‍ ഹിഫ്ള് പഠനത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ തന്സീല് ഖുര്‍ആന്‍ അക്കാദമിക്ക് അഭിമാനമായി 35 കാരിയായ ഡോക്ടറുടെ തിളക്കമാര്‍ന്ന വിജയം.
കണ്ണൂര്‍ സ്വദേശികളായ അബൂബക്കര്‍ ഹുസ്സൈന്‍ പാറമ്മല്‍, സൈബുന്നിസ ദമ്പതികളുടെ മകളും ഡോ:ഷമീര്‍ ഇസ്മായിലിന്റെ ഭാര്യയുമായ ഡോ: ഷബീബ ഇര്‍ഫാനയാണ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. പി.ജി പഠനത്തോടൊപ്പമാണ് രണ്ട് കുട്ടികളുടെ മാതാവായ ഡോ. ഷബീബ ഇര്‍ഫാന ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയത്. അറബി അക്ഷര പഠനം മുതല്‍ തുടങ്ങി നാല് വര്‍ഷം കൊണ്ടാണ് അഭിമാന നേട്ടം കൈവരിച്ചത്.
സമയമില്ല എന്ന കാരണം പറഞ്ഞ് ഖുര്‍ആന്‍ പഠനത്തെ മാറ്റി നിര്‍ത്തുന്ന എല്ലാവര്ക്കും സമയത്തെ എങ്ങനെ ക്രമീകരിക്കാം എന്ന പാഠം കൂടിയാണ് ഡോ: ഷബീബ നല്‍കുന്നതെന്ന് തന്സീല് ഖുര്‍ആന്‍ അക്കാദമി അധികൃതര്‍ പറഞ്ഞു. ഹിഫ്ള് പഠനം ഭര്‍ത്താവിനോ മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ തന്റെ സാമീപ്യം നഷ്ടപ്പെടാന്‍ കാരണമാവരുത് എന്ന നിര്‍ബന്ധമാണ് ഓണ്‍ലൈന്‍ പഠനത്തിന് ഡോ.ഷബീബയെ പ്രേരിപ്പിച്ചത്.
കാസര്‍കോട് സ്വദേശിനി ഫാത്വിമ ഷാഹിദയും മലപ്പുറം സ്വദേശിനി മുബീനയും അടക്കം വീട്ടമ്മമാരും പ്രൊഫഷനലുകളുമടക്കം നിരവധി പേര് പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അല്‍ ഖാരിഅ് ഹാഫിള് മുഹമ്മദ് ഹാരിസ് ഫാളിലിയും ഹാഫിള ഫാത്വിമ നഈമയുമാണ് തന്സീല് ഖുര്‍ആന്‍ അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്.
പരിശുദ്ധ ഖുര്‍ആന്‍ യഥാര്‍ത്ഥ രൂപത്തില്‍ പാരായണം ചെയ്യാന്‍ പഠിക്കാനും തജ്വീദിലധിഷ്ഠിത ഹിഫ്ള് പഠനം നടത്താനും ഖുര്‍ആന്‍ വിജ്ഞാന രംഗത്ത് അമൂല്യാവഗാഹം നേടാനുമുള്ള വ്യത്യസ്ത കോഴ്സുകളാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും തന്സീല് ഖുര്‍ആന്‍ അക്കാദമി വിഭാവനം ചെയ്യുന്നത്.
പ്രായ ഭേദമന്യേ മുന്നൂറോളം പഠിതാക്കള്‍ തന്സീല് ഓണ്‍ലൈന്‍ അക്കാദമിയില്‍ ഹിഫ്ള് പഠനം നടത്തിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും ശാസ്ത്രീയമായ രീതിയിലുള്ള ഓണ്‍ലൈന്‍ ക്ലാസ് റൂമുകളിലൂടെ ചിട്ടയൊത്ത പഠന രീതിയാണ് പ്രായത്തെ തോല്‍പ്പിക്കുന്ന നേട്ടങ്ങള്‍ക്ക് നിദാനം.
ഹിഫ്ള് പഠനത്തിന് പുറമേ നിപുണരായ വനിതാ മെന്റര്‍മാരുടെ മേല്‍നോട്ടത്തില്‍ കുടുംബിനികളായ അനേകം പഠിതാക്കള്‍ തന്സീല് അക്കാദമിയില്‍ തജ്വീദ് പഠനം നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.