കാസര്‍കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
കാസര്‍കോട് ബദിയടുക്കയില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. പൗരന്മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
അന്വേഷണ ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വര്‍ഗീയ അജണ്ടക്കായി ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയാണ്. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈവര്‍ഷം പോപുലര്‍ ഫ്രണ്ട് ഡേ ‘രാജ്യത്തിനായ് പോപുലര്‍ ഫ്രണ്ടിനൊപ്പം’ എന്ന സന്ദേശമുയര്‍ത്തിയാണ് രാജ്യവ്യാപകമായി ആചരിക്കുന്നത്.
പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന യൂണിറ്റി മാര്‍ച്ച് വൈകിട്ട് 4.30ന് ബദിയടുക്ക അപ്പര്‍ ബസാറില്‍ നിന്നും ആരംഭിച്ച് ബസ്സ്റ്റാന്റ് വഴി പെര്‍ള റോഡിലുള്ള ഗ്രൗണ്ടില്‍ സമാപിക്കും. യൂണിറ്റി മാര്‍ച്ചിനെ അനുഗമിച്ചു കൊണ്ട് ബഹുജന റാലി നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം ‘ശഹീദ് ആലി മുസ്ലിയാര്’ നഗറില്‍ സംസ്ഥാന സമിതി അംഗം ബി. നൗഷാദ് ഉദ്ഘാടനം ചെയ്യും. ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സല് ഖാസിമി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സാമുഹിക, സാംസ്കാരിക, രാഷ്ട്രീയ, നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി.ടി.സുലൈമാന്‍ മാസ്റ്റര്‍, സെക്രട്ടറി ടി.കെ. ഹാരിസ്, വൈ. മുഹമ്മദ്, ടി.ഐ ആഷിഫ് സംബന്ധിച്ചു.