ന്യൂഡെല്‍ഹി: പുല്‍വാമ ആക്രമണത്തിന് രണ്ടാണ്ട് തികഞ്ഞു. രാജ്യം ധീരജവാന്മാര്ക്ക് ആദരമര്‍പ്പിച്ചു. 2019 ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സി ആര് പി എഫ് ജവാന്മാര് സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു.
സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ‘2019 ലെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരന്മാരായ ജവാന്മാര്ക്ക് മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ല,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ധീരരായ സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്തി ഇന്ത്യ ഇതിന് തിരിച്ചടി നല്‍കിയിരുന്നു.