ന്യൂഡല്‍ഹി: കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളടക്കം രാജ്യത്ത് വിവിധ ക്ഷേമ പദ്ധതികളുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. കേരളത്തില്‍ 1100 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി രൂപ അനുവദിച്ചു. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായാണ് ഉയര്‍ത്തിയത്. സ്വകാര്യ വാഹനങ്ങളുടെ പരമാവധി ഉപയോഗം 20 വര്‍ഷമായി നിശ്ചയിച്ചു. വാണിജ്യ വാഹനങ്ങളുടെ പരമാവധി ഉപയോഗ കാലം 15 വര്‍ഷമാണ്. മൂന്ന് വര്‍ഷത്തിനിടെ 7 ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. മധുര-കൊല്ലം ഉള്‍പ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റില്‍ ബംഗാളിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. 25,000 കോടി ബംഗാളിന് വകയിരുത്തി. 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് ഈ തുക വകയിരുത്തിയത്. റയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി.
ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി വ്യക്തമാക്കി. 2.23 ലക്ഷം കോടിയാണ് ഈ മേഖലക്ക് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 ശതമാനം വര്‍ധനയുണ്ട്. കോവിഡ് വാക്സീന് വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. രണ്ട് വാക്സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും.
ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികളും തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികളും തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടായിരുന്നു.
ആരോഗ്യ മേഖലയുടെ ഉന്നമനത്തിന് 2.23 ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കിയതാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. 750 പുതിയ ഏകലവ്യ മോഡല്‍ സ്കൂളുകള്‍, എന്‍.ഇ.പിക്ക് കീഴില്‍ 15,000 സ്കൂളുകളുടെ വികസനം എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
റെയില്‍വെക്കായി ബജറ്റില്‍ 1,10,055 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 63,246 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.