ന്യൂഡല്‍ഹി: രാജ്യത്ത് മാസങ്ങളോളമായി തുടരുന്ന കര്‍ഷകസമരം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം വീണ്ടും പരാജയം. കര്‍ഷകരുമായി നടത്തിയ ഒമ്പതാം ശ്രമവും സമവായത്തിലെത്തിയില്ല. നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നിന്നതോടെ കര്‍ഷകരും പിന്മാറാന് തയ്യാറായില്ല. ഇതെ തുടര്‍ന്ന് ചര്‍ച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് 40 കര്‍ഷക സംഘടനാ പ്രതിനിധികളുമായി വിജ്ഞാന് ഭവനില്‍ ചര്‍ച്ച നടത്തിയത്.
ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്നും നിയമം പിന്വലിക്കാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. എട്ട് തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചെങ്കിലും സമിതിയിലെ നാല് പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ
സമിതിയില്‍ അംഗമായിരിക്കാന്‍ താല്പര്യമില്ലെന്ന്് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഭൂപിന്ദര്‍ സിങ് മാന്‍ പിന്മാറിയിരുന്നു.
നിയമങ്ങള്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കുംവരെ പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു